LATESTKERALA

34-ാം തവണ ‘തെരഞ്ഞെടുപ്പ് നിരീക്ഷണം’ ; റെക്കോര്‍ഡുമായി രാജു നാരായണ സ്വാമി ഐ എ എസ്

 

മുംബൈ : റെക്കോര്‍ഡുകള്‍ രാജു നാരായണസ്വാമിക്ക് പുത്തരിയല്ല. നേഴ്‌സറി മുതല്‍ സിവിൽ സര്‍വീസില്‍ വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ കേരള കേഡര്‍ ഐഎഎസുകാരന്‍. ഇപ്പോള്‍ സമാനതകളില്ലാത്ത മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് രാജു നാരായണ സ്വാമി. ഇൻഡ്യയിൽ ഏറ്റവുംകൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് നിരീക്ഷകനായി എന്ന അപൂർവ്വ റെക്കോഡാണത്.

മഹാരാഷ്ടയിലെ കോല്‍ഹാപ്പുരിലെ ഉപതെരഞ്ഞെടുപ്പില്‍ നിരീക്ഷകനായി നിയമിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ 34-ാം ‘ തെരഞ്ഞെടുപ്പ് നിരീക്ഷണം’ ആയി.തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നിരീക്ഷകനായിട്ടുള്ള രാജു നാരായണ സ്വാമി മഹാരാഷ്ട്രയില്‍ തന്നെ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെത്തുന്നത്. 2009 ല്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യം നിരീക്ഷകനായി പോയത്. പിന്നീട് 16 സംസ്ഥാനങ്ങളില്‍ നിരീക്ഷകനായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ജാര്‍ഘണ്ഡിലെ നക്‌സല്‍ ഭീഷണിയുള്ള മേഖലയിലും , സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ തെലുങ്കാനയിലും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാമിക്ക് പ്രത്യേക അനുമോദന കത്ത് നല്‍കിയിരുന്നു. 2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. വൈവിധ്യമായ ഈ നിരീക്ഷണ അനുഭവങ്ങൾ വിവരിക്കുന്ന ‘കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ’ എന്ന പുസ്തകത്തിന്റെ രചന പൂർത്തിയാക്കിയിരിക്കുകയണ് അദ്ദേഹം.. അത് വ്യത്യസ്തനായ ഈ ഐ എ എസ്സു കാരന്റെ 30-മത് പുസ്തകമാണ്. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ് വരയില്‍’ എന്ന യാത്രാവിതരണ ഗ്രന്ഥത്തിന് 2003 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാമി ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റിയുടെ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിനും അര്‍ഹനായി. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും ലഭിച്ചു.

എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഡിഗ്രിക്കും എല്ലാം ഒന്നാം റാങ്കുകാരനായിരുന്ന രാജു നാരായണസ്വാമി, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എം ഉം സ്വാമി നേടിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ , കാര്‍ഷികോല്പാദന കമ്മീഷണര്‍ , കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker