ഹിന്ദു കോളജ് അസോസിയേറ്റ് പ്രഫസർ രത്തൻ ലാലിൻ്റെ അറസ്റ്റിന് പിന്നാലെ ഡൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം. അധ്യാപകരും വിദ്യാർത്ഥികളുമാണ് ആർട്ട് ഫാക്കൽറ്റിയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നത്. മേഖലയിൽ കനത്ത പൊലീസ് വിന്യസം ഏർപ്പെടുത്തിയിട്ടുണ്ട്. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ പോസ്റ്റിട്ടതിനാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രഫസർക്കെതിരെ കേസ്. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് വിഘാതമായ പ്രവൃത്തികൾ ചെയ്യുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രത്തൻ ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി രത്തൻ ലാലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ലാൽ നടത്തിയ പ്രസ്താവന അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമാണെന്ന് അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയിൽ പറഞ്ഞു. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ വിഷയം വളരെ വൈകാരിക സ്വഭാവമുള്ളതാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പരാതിൽ പറയുന്നു.