BREAKING NEWSKERALALATEST

‘വീണാ വിജയന്റെ മെന്റര്‍ ജെയ്ക് ബാലഗോപാല്‍ സ്വപ്നയ്ക്ക് ജോലി നല്‍കിയ ആളെന്ന് മാത്യു കുഴല്‍നാടന്‍, മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോയെന്ന്‌ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ പേര് സഭയിലുയര്‍ത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണാ വിജയന്റെ മെന്ററാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലഗോപാല്‍ എന്നും വീണ തന്റെ പറഞ്ഞ ഇക്കാര്യം പിന്നീട് അവരുടെ കമ്പനി വെബ്സൈറ്റില്‍ നിന്ന് ഇല്ലാതായെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. എന്നാല്‍ മകളെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയത്? പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയാണ് അവര്‍ക്ക് ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ സെക്രട്ടറിയേറ്റില്‍ ജോലി നല്‍കിയത്. ഇനി മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറയാം. അവരെ കുറിച്ചെനിക്ക് ബഹുമാനമാണ്. അവരൊരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ്. ആ കമ്പനിയുടെ പേരാണ് എക്സാ ലോജിക്. ആ കമ്പനിയുടെ വെബ്സൈറ്റില്‍ ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു.

എന്റെ മെന്ററെ പോലെ ഞാന്‍ കാണുന്നയാളാണ് ജെയ്ക് ബാലഗോപാല്‍ എന്നാണ് വീണ പറഞ്ഞത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്നു ജെയ്ക്. ഇതിന് തൊട്ടുപിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. പിന്നീട് വെബ്സൈറ്റ് അപ് ആയപ്പോള്‍ ജെയ്കിനെ കുറിച്ച് പറഞ്ഞ കാര്യം അതിലില്ലായിരുന്നു.എന്താണ് അവിടെ മറച്ചത്? പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയല്ലേ സ്വപ്ന എത്തിയതെന്ന് നിഷേധിക്കാനാകുമോ? ആ കമ്പനിയുടെ ഡയറക്ടര്‍ ജെയ്കിനെ കുറിച്ച് മുഖമന്ത്രിയുടെ മകള്‍ പറഞ്ഞത് നിഷേധിക്കാനാകുമോ? എംഎല്‍എ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി മകളെ കുറിച്ചുള്ള ആക്ഷേപമുയര്‍ത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയോട് ക്ഷോഭിച്ചു.മാത്യു കുഴല്‍നാടന്റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി ‘മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പച്ചക്കള്ളമാണ് ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആള്‍ മെന്ററാണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും പിണറായി സഭയില്‍ പറഞ്ഞു.

Related Articles

Back to top button