നമുക്ക് പ്രചോദനമാകുന്ന കാര്യങ്ങള്‍ ചെയ്യുന്ന നിരവധിപ്പേരെ നാം കണ്ടുമുട്ടാറുണ്ട്. മറ്റുള്ളവര്‍ നടക്കുന്ന വഴികളില്‍ നിന്നും മാറിനടന്നുകൊണ്ടാണ് അവര്‍ നമുക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റുന്നത്. അതുപോലെ ഒരാളാണ് 74 -കാരിയായ ഭീമാബായി ജോന്ദലേ.
ആജി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ‘അജ്ജിച്ച്യാ പുസ്തകാഞ്ച ഹോട്ടല്‍’ എന്നൊരു ഹോട്ടല്‍ ഇവര്‍ നടത്തുന്നുണ്ട്. ‘പുസ്തകങ്ങളോടു കൂടിയ മുത്തശ്ശിയുടെ ഹോട്ടല്‍’ എന്നാണ് ഇതിന് അര്‍ത്ഥം.
ഈ ഹോട്ടല്‍ തുടങ്ങിയതോടെയാണ് ഭീമാബായി അറിയപ്പെടാന്‍ തുടങ്ങിയത്. എപ്പോഴും വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഭീമാബായി. എന്നാല്‍, അതിനുള്ള അവസരം അങ്ങനെ കിട്ടിയിരുന്നില്ല. അതോടെയാണ് തന്റെ ഹോട്ടലിലെത്തുന്നവര്‍ക്ക് അതിനായി ഒരു അവസരം ഒരുക്കണമെന്ന് ഭീമാബായി തീരുമാനിക്കുന്നത്. അങ്ങനെ, 2015 -ല്‍ ഈ പുസ്തകഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. മുംബൈയ്ക്കും ആഗ്രയ്ക്കും ഇടയില്‍ ദേശീയ പാത 3 -ന് സമീപത്താണ് ഈ വ്യത്യസ്തമായ ഹോട്ടല്‍.
ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിവിധ ഭക്ഷണങ്ങളുടെ മണവും ഒപ്പം നിറയെ പുസ്തകങ്ങളുമാണ്. മറാത്തി, ഹിന്ദി, ഇം?ഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 50,000 പുസ്തകങ്ങള്‍ ഇവിടെയുണ്ടത്രെ. നാസിക്കിലെ ഖത്വാഡ് ഗ്രാമത്തില്‍ നിന്നുള്ള ഭീമാബായി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിവാഹിതയായത്. വായനയും പഠനവും ഇഷ്ടമായിരുന്നെങ്കിലും വിവാഹശേഷം അവര്‍ക്കത് തുടരാനായില്ല.
മദ്യപാനിയായിരുന്നു ഭീമാബായിയുടെ ഭര്‍ത്താവ്. രാവിലെ എഴുന്നേറ്റയുടനെ കുടി തുടങ്ങും. ഉണ്ടായിരുന്ന ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ അയാള്‍ മദ്യപിക്കാനായി വിറ്റു. മകനോടുള്ള ഇഷ്ടം കാരണം ഭീമാബായി അതിജീവിച്ചു. കൃഷിയെല്ലാം അവര്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, അവരുടെ സ്ഥലത്തിന് തൊട്ടടുത്ത് ഒരു ഫാക്ടറി വന്നതോടെ അവരുടെ വിളകള്‍ നശിച്ചു തുടങ്ങി. ഒടുവില്‍ ഭീമാബായി ആ സ്ഥലമെല്ലാം വിറ്റ് ഹൈവേയില്‍ ഒരു ചായക്കട തുടങ്ങുകയായിരുന്നു.
ചായക്കടയില്‍ എത്തുന്നവര്‍ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടതോടെയാണ് ഒരു ‘പുസ്തക ഹോട്ടല്‍’ എന്ന ആശയം ഉണ്ടായത്. അങ്ങനെയാണ് കഴിക്കാനെത്തുന്നവര്‍ക്ക് സൗജന്യമായി വായിക്കുന്നതിന് പുസ്തകങ്ങളും ഒരുക്കുന്നത്.
ഭീമാബായിയുടെ മകന്‍ പ്രവീണും അച്ഛന്റെ മദ്യപാനവും മറ്റും കാരണം ഒരുപാട് കഷ്ടപ്പെട്ടു. ഭീമാബായിയാണ് അവനെ പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒടുവില്‍ ഒരു പ്രാദേശികമാധ്യമസ്ഥാപനത്തില്‍ ജേണലിസ്റ്റായി ജോലിക്കും കയറി. എന്നാല്‍, പിന്നീട് സ്വന്തമായി ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങുകയായിരുന്നു. അമ്മയ്‌ക്കൊപ്പം ഈ പുസ്തകഹോട്ടലില്‍ സഹായത്തിന് പ്രവീണും എത്താറുണ്ട്.
ആളുകള്‍ ഇവിടെ വന്നിരുന്ന് വായിക്കുന്നത് കാണുന്നത് വലിയ സന്തോഷമാണ് തന്നിലുണ്ടാക്കുന്നത് എന്നാണ് ഭീമാബായി പറയുന്നത്.
55 1 minute read