LATESTBREAKING NEWSTOP STORYWORLD

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് വെറും 44 ദിവസം മാത്രം പിന്നിടുമ്പോഴാണ് അവരുടെ രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പിന്നാലെയാണ് രാജി. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന മോശം പേരുമായാണ് അവരുടെ പടിയിറക്കം.

ഒരാഴ്ചയ്ക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഏല്‍പ്പിച്ച ദൗത്യം തനിക്ക് നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്ന് ലിസ് ട്രസ് ഏറ്റു പറഞ്ഞു.തുടര്‍ച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം ലിസ്ട്രസ് മന്ത്രിസഭ ആടിയുലയുകയായിരുന്നു. സ്വന്തം മന്ത്രിസഭയില്‍ നിന്നുവരെ അവര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

അഞ്ച് ദിവസം മുന്‍പ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവച്ചിരുന്നു. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജി വെയ്ക്കാന്‍ നിര്‍ബന്ധിതയായി. സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതയായ ഹോം സെക്രട്ടറി ബ്രെവര്‍മാന്‍, ഇറങ്ങിപ്പോകും വഴി ലിസ് ട്രസിനു നേരെ മാനിഫെസ്റ്റോ വാഗ്ദാന ലംഘനമടക്കമുള്ള ഗുരുതര ആക്ഷേപങ്ങളുന്നയിച്ചിരുന്നു.

ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 10.1 ശതമാനമായി നാണയപ്പെരുപ്പം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമായിരുന്നു ഇത്.പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചുവെന്ന് ഭരണപക്ഷത്തു നിന്നു തന്നെ അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അവര്‍ രാജി സമര്‍പ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker