BREAKING NEWSNATIONAL

മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന, ലക്ഷ്യമിട്ടത് പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം

മംഗളൂരു: കഴിഞ്ഞ ശനിയാഴ്ച മംഗളൂരു നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായ കുക്കര്‍ ബോംബ് സ്‌ഫോടനം പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നുവെന്ന് കത്ത് ലഭിച്ചതായി പൊലീസ്. ‘ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’ എന്ന സംഘടനയില്‍നിന്നാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചതെന്നും ഈ സംഘടനയെക്കുറിച്ച് മുമ്പ് അറിവില്ലെന്നും പൊലീസ് വ്യക്തമാക്കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരെ കത്തില്‍ ഭീഷണിയുമുണ്ട്. കത്ത് എവിടെനിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇംഗ്ലിഷിലുള്ള കത്തില്‍ ഷരീഖിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. ‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത്’ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പ് കേരളത്തിലെത്തിയപ്പോള്‍ താമസിച്ച ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ നാലംഗ സംഘം പരിശോധന നടത്തിയിരുന്നു. ഷാരിഖ് 5 ദിവസം ആലുവയിലെ ലോഡ്ജില്‍ താമസിച്ചതായാണു വിവരം.
ഇതിനിടെ ലോഡ്ജിന്റെ വിലാസത്തില്‍ വന്ന കൊറിയറുകള്‍ കൈപ്പറ്റിയിരുന്നു. കര്‍ണാടകയിലെ ഷിമോഗ സ്വദേശിയായ ഷാരിഖ് കുറിയര്‍ കൈപ്പറ്റാന്‍ മാത്രമായാണ് ആലുവയില്‍ വന്നു മുറിയെടുത്തു താമസിച്ചതെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായാണ് ഷരീഖ് വീട്ടില്‍ ബോംബ് ഉണ്ടാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ശിവമൊഗ്ഗയിലെ നദീതീരത്ത് പരീക്ഷണസ്‌ഫോടനം നടത്തിയതായും പൊലീസ് പറയുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഷരീഖ് രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയില്‍നിന്നു കണ്ടെടുത്തു.
2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.
തുടരന്വേഷണം ഏറ്റെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍ഐഎ) ആവശ്യപ്പെട്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കേസ് ഔദ്യോഗികമായി എന്‍ഐഎയ്ക്ക് കൈമാറുമെന്നും ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു.
വലിയ നാശം ഉണ്ടാക്കുന്ന സ്‌ഫോടനമാണ് പ്രതി പദ്ധതിയിട്ടതെന്ന് ഡിജിപി പറഞ്ഞു. പ്രതി ഷാരിഖ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. കൊച്ചി, നാഗര്‍കോവില്‍, ബെംഗളൂരു, മൈസൂരു, കന്യാകുമാരി തുടങ്ങി 8 സ്ഥലങ്ങളില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍ഐഎ നീക്കം തുടങ്ങിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നു കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്‌തെന്നു കരുതുന്ന ശിവമൊഗ്ഗ സ്വദേശി അബ്ദുല്‍ മദീന്‍ അഹമ്മദ് ത്വാഹയെ കണ്ടെത്താന്‍ തിരച്ചില്‍ നോട്ടിസ് പുറത്തിറക്കിയിട്ടുമുണ്ട്. ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിലാണ് കൂടിക്കാഴ്ച നടത്തിയത്.
സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരില്‍ വന്നിരുന്ന ഷാരിഖ് ഗാന്ധിനഗറിലെ ഡോര്‍മിറ്ററിയില്‍ മൂന്നുദിവസം താമസിച്ചു. ഈ ഡോര്‍മിറ്ററി പൊലീസ് പൂട്ടി സീല്‍ ചെയ്തു. കാര്‍ ബോംബ് സ്‌ഫോടനവും മംഗളൂരുവിലെ പൊട്ടിത്തെറിയും തമ്മില്‍ ബന്ധമുണ്ടോയെന്നാണു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. നിലവില്‍ ജയിലില്‍ കഴിയുന്ന 6 പേര്‍ക്കു ഷാരിഖുമായി ബന്ധമുണ്ടോയെന്നറിയാന്‍ ചോദ്യം ചെയ്യും. കോയമ്പത്തൂരിനു പുറമേ ഷാരിഖ് സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ, ആലുവ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തുനല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker