ദില്ലി: ഏറെ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 12 പേരാണ് റുവാണ്ടയില്‍ വൈറസ് ബാധമൂലം മരിച്ചത്. രക്തസ്രാവം, അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കല്‍ എന്നിവക്ക് കാരണമാകുന്ന മാരക വൈറസ് ബാധിച്ചാല്‍ 88 ശതമാനമാണ് മരണനിരക്ക്. രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും വൈറസ് നയിക്കും. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ് എബോളയേക്കാള്‍ ഭീകരനാണെന്ന് ആരോദ്യ വിദഗ്ധര്‍ പറയുന്നു. വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
കടുത്ത പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാറുള്ളത്. പേശീ വേദന, അതിസാരം, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. അടുത്ത 5 മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നും വരെ രക്തസ്രാവം ആരംഭിക്കും. രോഗികളെ മാനസിക നിലയെയും ബാധിക്കും. അവസാന ഘട്ടങ്ങളില്‍ വൃഷ്ണം വീര്‍ത്തു വരുന്ന അവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലക്ഷണങ്ങള്‍ ആരംഭിച്ച് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളാക്കി മരണത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള മാരക വൈറസാണ് മാബര്‍ഗെന്നും വിദഗ്ധര്‍ പറയുന്നു. വൈറസിനെതിരെ വാക്‌സിന്‍ ട്രയല്‍ ആരംഭിച്ചെന്ന് റുവാണ്ടന്‍ അധികൃതര്‍ അറിയിച്ചു. 80% അണുബാധകളും മെഡിക്കല്‍ തൊഴിലാളികള്‍ക്കിടയിലാണ്. 1,500 ഡോക്ടര്‍മാര്‍ മാത്രമാണ് റുവാണ്ടയിലുള്ളതെന്നും ആശങ്കയുയര്‍ത്തുന്നു. ഇതുവരെ 46 വ്യക്തികള്‍ക്കാണ് രോഗം ബാധിച്ചത്.
75 1 minute read