ദില്ലി: പറഞ്ഞ സമയത്ത് ബംഗ്ലാവിന്റെ നിര്‍മ്മാമം പൂര്‍ത്തിയാകണം, മനോഹരമാകണം. ഒറ്റക്കാര്യം മാത്രമാണ് ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്ത് കോണ്‍ട്രാക്ടറായ ജീന്ദര്‍ സിംഗിനോട് പറഞ്ഞത്. ആ വാക്ക് അദ്ദേഹം പാലിച്ചു. ഉടമയുടെ മനസിലെ ‘കൊട്ടാരം’ ജീന്ദര്‍ സിംഗ് പറഞ്ഞ തീയതിക്കുള്ളില്‍ പണിത് നല്‍കി. ഒന്‍പത് ഏക്കറിനുള്ളില്‍ നിറഞ്ഞ് നില്‍ക്കുന്ന തന്റെ പുതിയ കൊട്ടാര സദൃശ്യമായ വീട് കണ്ട് ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്തിന്റെ മനസ് നിറഞ്ഞു. ആ സന്തോഷത്തില്‍ കരാറുകാരനായ ജീന്ദര്‍ സിംഗിന് അദ്ദേഹം ഒരു സമ്മാനം നല്‍കി. ഒരു കോടി രൂപയുടെ റോളക്‌സ് വാച്ച്!.
റോളക്സിന്റെ ഓയ്സ്റ്റര്‍ പെര്‍പച്വല്‍ സ്‌കൈ ഡ്വെല്ലര്‍ ആണ് രജീന്ദറിന് ഗുര്‍ദീപ് നല്‍കിയത്. 18 കാരറ്റ് യെല്ലോ ഗോള്‍ഡില്‍ രൂപകല്പന ചെയ്ത റോളക്‌സ് വാച്ച് പ്രേമികളുടെ ഇഷ്ടപ്പെട്ട വാച്ചാണ് ഷാംപെയ്ന്‍ നിറമുള്ള ഡയലോട് കൂടിയ റോളക്സിന്റെ ഓയ്സ്റ്റര്‍ സ്‌കൈ ഡ്വെല്ലര്‍. പഞ്ചാബിലെ സിരക്പുറിന് സമീപത്തെ ഒന്‍പതേക്കറിലാണ് ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്തിനായി ആഡംബര ഭവനം നിര്‍മ്മിച്ചത്. കോണ്‍ട്രാക്ടര്‍ രജീന്ദര്‍ സിങ് രൂപ്ര വസതി പണിയാനായി 2 വര്‍ഷത്തെ സമയമാണ് ചോദിച്ചത്. പറഞ്ഞ തീയതിക്കുള്ളില്‍ ഗംഭീരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ബംഗ്ലാവിന്റെ ഗുണനിലവാരം, ഫിനിഷിംഗ്, കൃത്യത എന്നിങ്ങനെ വിശ്വസ്തതയോടെയും പ്രതിബദ്ധതയോടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതുകൊണ്ടാണ് രജീന്ദര്‍ സിംഗിന് ഒരു സമ്മാനം നല്‍കണമെന്ന് തനിക്ക് തോന്നാന്‍ കാരണമെന്ന് ഗുര്‍ദീപ് ദേവ് ബാത്ത് പറഞ്ഞു. ഷാകോട്ട് സ്വദേശിയാണ് രജീന്ദര്‍ ഗുര്‍ദീപിന് ദേവിന്റെ ആഗ്രഹത്തിനൊത്ത ആഡംഭര ഭവനം പണിയാനായി രണ്ട് വര്‍ഷത്തോളമെടുത്തു. വീട് നിര്‍മ്മാണത്തിനായി ഇരുന്നൂറിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരുടെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനം കൊണ്ടാണ് ആഡംഭര ഭവനം തനിക്ക് കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനായതെന്ന് രജീന്ദര്‍ സിംഗ് പറയുന്നു.
വിശാലമായ സ്ഥലത്ത് മതിലുകളോടു കൂടി നിര്‍മിച്ചിരിക്കുന്ന ഗുര്‍ദേവിന്റെ വീട് ഒറ്റ നോട്ടത്തില്‍ ഒരു കോട്ടയ്ക്ക് സമാനമാണ്. മനോഹരമായ പൂന്തോട്ടം, ലാന്‍ഡ്‌സ്‌കേപ്പ്, വിശാലമായ ഹാളുകള്‍, പുരാതനമായ സ്‌റ്റൈല്‍, അകത്ത് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഇന്റീരിയറുമുള്ള വീട് ഒരു കൊട്ടാരത്തിന് തുല്യമാണെന്ന് ജീന്ദര്‍ സിംഗ് പറഞ്ഞു. തന്റെ സത്യസന്ധതയ്ക്കും ആത്മാര്‍ത്ഥയ്ക്കുമുള്ള പ്രതിഫലമായി താനിക്ക് ലഭിച്ച സമ്മാനത്തെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
55 1 minute read