BREAKING NEWSWORLD

9/11: അമേരിക്കന്‍ അഭിമാനത്തിനേറ്റ കനത്ത ക്ഷതത്തിന് രണ്ട് പതിറ്റാണ്ട്

2001 സെപ്റ്റംബര്‍ 11… അമേരിക്കയുടെ അഭിമാനത്തിനേറ്റ കനത്ത ക്ഷതത്തോടൊപ്പം ലോകം ഒന്നാകെ ഭീതിയില്‍ വിറങ്ങലിച്ച ആ ദിവസത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരന്മാര്‍ 2001 സെപ്റ്റംബര്‍ 11ന് നടത്തിയ ചാവേര്‍ ആക്രമണം ആരും മറന്നിട്ടില്ല. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിര്‍ജീനിയയില്‍ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ലോകം ഇന്ന് ഭീതിയോടെ നോക്കിക്കാണുന്ന ഒന്നുണ്ട്. അത് അഫ്ഗാനിസ്ഥാനില്‍ ലോകം ഭീകരര്‍ എന്ന് വിളിക്കുന്ന താലിബാന്റെ മുന്നേറ്റമാണ്. പിടിച്ചെടുത്ത അഫ്ഗാനില്‍ താലിബാന്‍ ഭരണകൂടം ഇന്ന് അധികാരമേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണുള്ളത്.2001 ഉം 2021 ഉം തമ്മിലുള്ള സമാനതകളായി ഇതിനെ കാണാം. രണ്ടും ഭീകരരുടെ കരുത്ത് കാട്ടുന്നതാണ്.
2001 ല്‍ അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നിശ്ശേഷം തകര്‍ത്തു. യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല. ആക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖയ്ദയിലെ 19 അംഗങ്ങള്‍ നാല് അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി.മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നു കരുതുന്നു.
ചാവേറാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അല്‍ഖയ്ദ ഭീകരരെ വേട്ടയാടാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതില്‍ പ്രധാനം. ചാവേര്‍ ആക്രമണം കഴിഞ്ഞ് ഒരു മാസമായപ്പോഴായിരുന്നു ഇത്. ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങള്‍ ഇതില്‍ അമേരിക്കയോടൊപ്പം ചേര്‍ന്നു.
സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താന്‍ പ്രസിഡണ്ട് പര്‍വേഷ് മുഷാറഫ് അമേരിക്കയ്ക്ക് പിന്തുണ നല്‍കി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനല്‍കിയ പാകിസ്താന്‍ ഒരുമുഴം നീട്ടിയെറിയുകയായിരുന്നു. ഈ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന് ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചു.
9/11നു ശേഷം ഒട്ടേറെ രാജ്യങ്ങള്‍ നയങ്ങളില്‍ വന്‍ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് മിക്ക രാജ്യങ്ങളും കടിഞ്ഞാണിട്ടു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും 9/11 കാരണമായി.
എന്നാല്‍ ഭീകര സംഘടനകള്‍ പിന്തുണയ്ക്കുന്ന താലിബാന്‍ ഭരണം അഫ്ഗാനില്‍ നില നില്‍ക്കുന്ന സമയത്ത് അമേരിക്ക പിന്‍ വാങ്ങിയത് ചര്‍ച്ചയാവുകയാണ്. 20 വര്‍ഷം നീണ്ട അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിന്റെ ദൗത്യത്തില്‍ നിന്നാണ് അമേരിക്ക പിന്‍വാങ്ങിയത്. അമേരിക്കയുടെ തീരുമാനം ലോക രാജ്യങ്ങള്‍ക്ക് തന്നെ ആശങ്കയ്ക്ക് വഴി വച്ചിട്ടുണ്ട്.
അമേരിക്കയുടെ അഭിമാനം തകര്‍ത്ത ആക്രമണത്തിന്റെ ആശയം മുന്നോട്ടു വച്ചത് ഖാലിദ് ഷേക്ക് മുഹമ്മദാണ് .1996 ല്‍ ഒസാമ ബിന്‍ ലാദനു മുന്‍പില്‍ ഇത് അവതരിപ്പിക്കപ്പെട്ടു. 1998 ല്‍ ബിന്‍ ലാദന്‍ ഈ പദ്ധതിയ്ക്ക് അനുമതി നല്‍കി.
91,000 ലിറ്റര്‍ ഇന്ധന ശേഷിയുളള നാലു യാത്രാവിമാനങ്ങളാണ് ഭീകരര്‍ റാഞ്ചിയത്. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കാലിഫോര്‍ണിയയിലെ ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ വിമാനം, ഇതേ റൂട്ടില്‍ പോയ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 175ാം നമ്പര്‍ വിമാനം, വാഷിംഗ്ടണ്‍ ഡള്ളസ് വിമാനത്താവളത്തില്‍ നിന്നും ലൊസാഞ്ചസിലേക്കു പോയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 77ാം നമ്പര്‍ വിമാനം, ന്യൂജേഴ്‌സിയിലെ നെവാര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു പോയ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 93ാം നമ്പര്‍ വിമാനം എന്നിവയാണ് റാഞ്ചപ്പെട്ടത്.
ആദ്യത്തെ വിമാനം(എ.എ. 11) പ്രാദേശിക സമയം രാവിലെ 8:46:40ന് ലോകവ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറില്‍ ഇടിച്ചു കയറ്റി.9:03:11ന് രണ്ടാമത്തെ വിമാനം(യു.എ. 175) തെക്കേ ടവറിലും ഇടിച്ചിറക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രധാന ചാനലുകള്‍ തത്സമയം കാണിച്ചിരുന്നു. 9:37:46ന് മൂന്നാമത്തെ വിമാനം (എ.എ. 77) വാഷിംഗ്ടണ്‍ ഡി.സി.യിലെ വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തില്‍ ഇടിച്ചു കയറ്റി.
റാഞ്ചപ്പെട്ട നാലാമത്തെ വിമാനം (യു.എ. 93) പെന്‍സില്‍വാനിയ സംസ്ഥാനത്തെ സോമര്‍സെറ്റ് കൌണ്ടിയിലുള്ള ഷാങ്ക്‌സ്‌വില്ലെ എന്ന സ്ഥലത്ത് പാടത്തേക്കു 10:03:11ന് തകര്‍ന്നു വീണു. ഇതിന്റെ ഭാഗങ്ങള്‍ എട്ടു മൈല്‍ ദൂരത്തേക്കു തെറിച്ചിരുന്നു. നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനേത്തുടര്‍ന്ന് ഭീകരന്മാര്‍ മനഃപൂര്‍വം വീഴ്ത്തിയതാണോ, അതോ വിമാനം നിയന്ത്രണം വിട്ടു നിലം പതിച്ചതാണോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. നാലു വിമാനങ്ങളിലേയും മുഴുവന്‍ യാത്രക്കാരും(265 പേര്‍) കൊല്ലപ്പെട്ടു.
ചാവേര്‍ ആക്രമണം വിതച്ച നാശനഷ്ടക്കണക്കുകളെപ്പറ്റി ഇന്നും അവ്യക്തതയുണ്ട്. ഏതായാലും ആകെ 2985 പേര്‍ വിമാന യാത്രക്കാര്‍ 265 ലോകവ്യാപാരകേന്ദ്രത്തിലെ 2595 പേര്‍ (ഇതില്‍ 343 പേര്‍ അഗ്‌നിശമന സേനാംഗങ്ങളാണ്), പെന്റഗണിലെ 125 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 110 നിലകളുള്ള ഇരട്ട സമുച്ചയങ്ങള്‍ക്കു പുറമേ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങള്‍ക്കുകൂടി കേടുപാടുകള്‍ പറ്റിയിരുന്നു.
ഇതുകൂടാതെ, മാന്‍ഹട്ടന്‍ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങള്‍ക്കും നാല് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നു. പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ലോകവ്യാപാര കേന്ദ്ര സമുച്ചയത്തിലുണ്ടായ മരണങ്ങള്‍ ദയനീയമായിരുന്നു.
ആക്രമണമുണ്ടായ ഉടന്‍ ഒട്ടേറെപ്പേര്‍ പ്രാണരക്ഷാര്‍ഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി. തങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകള്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്. എന്നാല്‍ മിക്കവരും മുകളിലത്തെ നിലയില്‍ കുടുങ്ങി. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ താഴേക്കു ചാടി. ഇരുന്നൂറോളം പേര്‍ ഇങ്ങനെ താഴേക്കു ചാടി മരിച്ചു.
അസോയിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു പ്രകാരം ലോകവ്യാപാര കേന്ദ്രത്തില്‍ നിന്നും കണ്ടെടുത്ത 1600 ജഡാവശിഷ്ടങ്ങളേ തിരിച്ചറിയാനായുള്ളു. 1100ഓളം പേരുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ പട്ടികയിലുള്ള ആരോടും ബന്ധമില്ലാത്ത പതിനായിരത്തിലേറെ ജഡാവശിഷ്ടങ്ങള്‍ ബാക്കിയായതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
റാഞ്ചപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരും വൈമാനികരും എല്ലാം തകരുന്നതിനു മുന്‍പ് ഫോണ്‍ വിളികള്‍ നടത്തിയിരുന്നു. ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോണ്‍ സന്ദേശങ്ങള്‍ ഏറെ സഹായകമായി. യാത്രക്കാരുടെ സന്ദേശപ്രകാരം എല്ലാ വിമാനങ്ങളിലും മൂന്നിലേറെ ഭീകരര്‍ ഉണ്ടായിരുന്നു. ഇവരില്‍ 19 പേരെ പിന്നീടു തിരിച്ചറിഞ്ഞു.
യു.എ. 93ല്‍ നാലും ബാക്കി മൂന്നു വിമാനങ്ങളില്‍ അഞ്ചുവീതവും റാഞ്ചികളുണ്ടായിരുന്നു. തീരെച്ചെറിയ കത്തികളും കണ്ണീര്‍ വാതകം, കുരുമുളകു പൊടിയുമുപയോഗിച്ചാണ് ഭീകരന്മാര്‍ നാടകീയമായ റാഞ്ചല്‍ നടത്തിയതെന്നാണ് യാത്രക്കാരുടെ സന്ദേശത്തില്‍നിന്നും മനസ്സിലാകുന്നത്. സാധാരണ റാഞ്ചല്‍ നാടകങ്ങളില്‍നിന്നും വ്യത്യസ്തമായി വിമാനങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും റാഞ്ചികള്‍ കൈക്കലാക്കിയിരുന്നു.
റാഞ്ചപ്പെട്ട വിമാനങ്ങളില്‍ നാലാമത്തേതില്‍(യു.എ. 93)മാത്രമാണ് യാത്രക്കാര്‍ സാഹസികമായ ചെറുത്തുനില്‍പ്പു നടത്തിയത്. ഈ വിമാനമുപയോഗിച്ച് അമേരിക്കന്‍ ഭരണസിരകേന്ദ്രമായ വൈറ്റ് ഹൌസ് ആക്രമിക്കുകയായിരുന്നത്രേ ഭീകരരുടെ ലക്ഷ്യം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് സന്ദേശങ്ങള്‍ പ്രകാരം ടോഡ് ബീമര്‍, ജെറിമി ഗ്ലിക്ക് എന്നീ യാത്രക്കാരുടെ നേതൃത്വത്തില്‍ വിമാനത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ അതിസാഹസികമായ ശ്രമങ്ങള്‍ക്കിടയിലാണ് നാലാമത്തെ വിമാനം പെന്‍സില്‍വാനിയയില്‍ തകര്‍ന്നു വീണത്.

എന്തുകൊണ്ട് സെപ്റ്റംബര്‍ 11
ചരിത്രത്തില്‍ ഈ ഭീകരാക്രമണം 9/11 എന്നായിരിക്കും അറിയപ്പെടുക. തീയതി രേഖപ്പെടുത്താന്‍ അമേരിക്കയില്‍ നിലവിലുളള ശൈലി പ്രകാരം ഇതു സൂചിപ്പിക്കുന്നത് സെപ്റ്റംബര്‍(9), 11 എന്നാണ്. പക്ഷേ അല്‍ഖയ്ദ ആക്രമണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത് വേറെ ചില ഉദ്ദേശ്യങ്ങളോടെയാണെന്നു കരുതപ്പെടുന്നു. 911 എന്നത് അമേരിക്കക്കാര്‍ക്ക് ഹൃദ്യസ്ഥമായ അക്കങ്ങളാണ്. ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത് 911 വിളിച്ചാല്‍ മതി എന്ന വിശ്വാസമാണ് അമേരിക്കന്‍ ജനതയ്ക്ക്. മറ്റൊരു തരത്തില്‍, ഈ വിളിയില്‍ തീരുന്ന പ്രശ്‌നങ്ങളേ അവര്‍ കണ്ടിട്ടുള്ളു.
ലോക പോലീസായി മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുകയും ചിലപ്പോള്‍ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്വന്തം മണ്ണില്‍ അത്ര ഭീകരമായ യുദ്ധങ്ങളോ കെടുതികളോ അന്യമായിരുന്നു. എന്തു വന്നാലും തങ്ങള്‍ സുരക്ഷിതരാണ് എന്ന അമേരിക്കന്‍ അമിതവിശ്വാസത്തിന് പ്രഹരമേല്‍പ്പിക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യമെന്നുവേണം കരുതാന്‍.ലോക വ്യാപാര കേന്ദ്രത്തിന്റെ സമുച്ചയങ്ങളില്‍ കുടുങ്ങിയ എത്രയോ പേര്‍ 911 എന്ന അക്കം അമര്‍ത്തിയിട്ടുണ്ടാവാം. പക്ഷേ ഈ മാന്ത്രിക അക്കങ്ങള്‍ക്കപ്പുറമായിരുന്നു ചാവേര്‍ അക്രമകാരികള്‍ വിതച്ച നാശം. ആക്രമണത്തിനായി 9/11 തിരഞ്ഞെടുത്തതിനു പിന്നില്‍ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല.

ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍

ചാവേര്‍ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നില്‍ അല്‍ഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേര്‍ ആക്രമണത്തെ പ്രകീര്‍ത്തിച്ചെങ്കിലും ഒസാമ ബിന്‍ലാദന്‍ തുടക്കത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. സെപ്റ്റംബര്‍ 16ന് ഖത്തറിലെ അല്‍ജസീറ ചാനല്‍ വഴി പുറത്തുവിട്ട സന്ദേശത്തില്‍ ലാദന്‍ ചാവേര്‍ ആക്രമണത്തില്‍ തന്റെ പങ്ക് ആവര്‍ത്തിച്ചു നിഷേധിച്ചു. ലാദന് രാഷ്ട്രീയ അഭയം നല്‍കിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ഭരണകൂടവും ഭീകരാക്രണത്തില്‍ അയാള്‍ക്കുള്ള പങ്ക് തള്ളിക്കളഞ്ഞു.
സംഭവം കഴിഞ്ഞയുടനെ പലസ്തീന്‍ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദ് ലിബറേഷന്‍ ഓഫ് പലസ്തീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടന്‍തന്നെ സംഘടനയുടെ മുതിര്‍ന്ന നേതാവ് ഇതു തിരുത്തിപ്പറഞ്ഞു. പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. അമേരിക്കയുമായി ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഇറാഖിലെ സദ്ദാം ഹുസൈന്‍ ഒഴികെ മറ്റെല്ലാവരും ചാവേര്‍ ആക്രമണത്തെ അപലപിച്ചു. ലിബിയയിലെ ഗദ്ദാഫി, ഇറാനിലെ മുഹമ്മദ് ഖത്താമി, ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോ എന്നിവര്‍ ഇതില്‍പ്പെടുന്നു.
ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ് സദ്ദാം ഹുസൈന്‍ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. ഏതായാലും ഭീകരാക്രമണത്തിനു പിന്നില്‍ അല്‍ഖയ്ദ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഇതിനെ പിന്തുണയ്ക്കുന്ന പല രേഖകളും കണ്ടെത്തിയതായി അവര്‍ അവകാശപ്പെടുകയും ചെയ്തു.

അല്‍ഖയ്ദയുടെ പങ്ക്
9/11 കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ചാവേര്‍ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയില്‍ പ്രവേശിച്ചത്. ഇതില്‍ അവശേഷിച്ച 19 പേര്‍ ചേര്‍ന്നാണ് ചാവേര്‍ ആക്രമണം നടത്തിയത്. ചാവേര്‍ ആക്രമണം കഴിഞ്ഞ് അധികമാകും മുന്‍പ് എഫ്.ബി.ഐ. ഇവരെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. എന്നാല്‍ എഫ്.ബി.ഐയുടെ പട്ടികയിലെ എട്ടു പേരുകളെപ്പറ്റി ഇപ്പോഴും സംശയമുണ്ട്. ഇതില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങള്‍ വാദിക്കുന്നു. ഏതായാലും 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ചാവേറുകള്‍ താഴെപ്പറയുന്നവരാണ്. പൗരത്വം ബ്രായ്ക്കറ്റില്‍

അമേരിക്കന്‍ എയര്‍ലൈന്‍സ് 11ലെ ചാവേറുകള്‍

വലീദ് അല്‍ ഷെഹ്‌രി (സൗദി അറേബ്യ)
വേയില്‍ അല്‍ ഷെഹ്‌രി (സൗദി അറേബ്യ)
മുഹമദ് അത്ത (ഈജിപ്ത്)
അബ്ദുല്‍ അസീസ് അല്‍ ഒമരി (സൗദി അറേബ്യ)
സതാം അല്‍ സൗഖാമി

യുണൈറ്റഡ് എയര്‍ലൈന്‍സ് 175ലെ ചാവേറുകള്‍

മര്‍വാന്‍ അല്‍ ഷെഹി(യു.എ.ഇ)
ഫയസ് ബനിഹമ്മദ് (യു.എ.ഇ)
മുഹമ്മദ് അല്‍ ഷെഹ്‌രി (സൗദി അറേബ്യ)
ഹംസ അല്‍ ഗാമിദി (സൗദി അറേബ്യ)
അഹമ്മദ് അല്‍ ഗാമിദി (സൗദി അറേബ്യ)

Inline

അമേരിക്കന്‍ എയര്‍ലൈന്‍സ് 77ലെ ചാവേറുകള്‍

ഖാലിദ് മിഹ്ധാര്‍ (സൗദി അറേബ്യ)
മജീദ് മൊകദ് (സൗദി അറേബ്യ)
നവാഫ് അല്‍ ഹാസ്മി (സൗദി അറേബ്യ)
സലേം അല്‍ ഹാസ്മി (സൗദി അറേബ്യ)
ഹാനി ഹാന്‍ജൌര്‍ (സൗദി അറേബ്യ)

യുണൈറ്റഡ് എയര്‍ലൈന്‍സ് 93ലെ ചാവേറുകള്‍

അഹമ്മദ് അല്‍ ഹസ്‌നവി (സൗദി അറേബ്യ)
അഹമ്മദ് അല്‍ നാമി (സൗദി അറേബ്യ)
സിയാദ് ജാറ (ലെബനന്‍)
സയീദ് അല്‍ ഖാംദി (സൗദി അറേബ്യ)

ലോക ജനതയെ വിറപ്പിച്ച , ഭീകരതയുടെ പര്യായമായി ഇന്നും സെപ്റ്റംബര്‍ 11 ലെ ആ ദാരുണ സംഭവം ലോകമെമ്പാടുമുള്ള ജനത ഓര്‍ത്തിരിക്കുന്നു. ഭീകര പ്രവര്‍ത്തനം ലോകത്ത് നിന്ന് തുടച്ചുമാറ്റാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ വിവിധ ആഗോള സംഘടനകളിലൂടെയും വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നടന്നു വരികയാണ്. എന്നാള്‍ നാള്‍ക്ക് നാള്‍ ചെല്ലുംതോറും മത ഭീകരത ശക്തിയാര്‍ജിച്ച് വരുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker