BREAKINGNATIONAL

97ന്റെ നിറവില്‍ എല്‍.കെ അദ്വാനി; ആശംസകള്‍ നേരാന്‍ നേരിട്ടെത്തി മോദി

ദില്ലി: 97-ാം ജന്മദിനം ആഘോഷിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി. ജന്മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ വസതിയില്‍ നേരിട്ടെത്തി. അദ്വാനിയ്ക്ക് ഒപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. രാവിലെ തന്നെ അദ്വാനിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.
‘ശ്രീ എല്‍.കെ അദ്വാനി ജിയ്ക്ക് ജന്മദിനാശംസകള്‍. ഈ വര്‍ഷം കൂടുതല്‍ സവിശേഷമാണ്. കാരണം നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മികച്ച സേവനത്തിന് അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചു. ഇന്ത്യയുടെ ഏറ്റവും ആദരണീയരായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ അദ്ദേഹം രാജ്യത്തിന്റെ വികസനം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. ബുദ്ധിശക്തിക്കും സമ്പന്നമായ ഉള്‍ക്കാഴ്ചകള്‍ക്കും അദ്ദേഹം എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ മോദി കുറിച്ചു.
1927 നവംബര്‍ 8-ന് ജനിച്ച അദ്വാനി 1942ലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിനൊപ്പം (ആര്‍എസ്എസ്) യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ പ്രബലമായ രാഷ്ട്രീയ ശക്തികളിലൊന്നായി ബിജെപിയെ രൂപപ്പെടുത്തുന്നതില്‍ അദ്വാനി വഹിച്ച പങ്ക് വളരെ വലുതാണ്. 1986-1990, 1993-1998, 2004-2005 എന്നിങ്ങനെ മൂന്ന് തവണകളായി അദ്ദേഹം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു, 1980-ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചയാളാണ് അദ്വാനി. 2002 മുതല്‍ 2004 വരെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. ഈ വര്‍ഷമാദ്യം രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് ഭാരതരത്ന നല്‍കി ആദരിച്ചിരുന്നു.

Related Articles

Back to top button