BREAKING NEWSKERALA

‘മുഖ്യമന്ത്രി നുണയന്‍, പിണറായി ഭരണത്തില്‍ തുടരുന്നത് മോദിയുടേയും അമിത് ഷായുടേയും അനുഗ്രഹത്താല്‍’: എ കെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രി നുണയനാണെന്നും ആഴക്കടല്‍ കരാറിലും സ്വര്‍ണക്കടത്തിലും മുഖ്യമന്ത്രി പറയുന്നത് കള്ളമാണെന്നും എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണത്തില്‍ തുടരുന്നത് മോദിയുടേയും അമിത് ഷായുടേയും അനുഗ്രഹത്താലാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് എതിരെയും ബി ജെ പിക്ക് എതിരെയും ആന്റണി ആരോപണങ്ങള്‍ ഉന്നയിച്ചത്.
കേരളത്തില്‍ ഇടതിന്റെ തുടര്‍ഭരണം ഉണ്ടായാല്‍ അത് സംസ്ഥാനത്ത് നാശം വിതയ്ക്കും. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമുദ്ര. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിക്കൂടാ. അങ്ങനെ സംഭവിച്ചാല്‍ അത് കേരളത്തിന് ആപത്ത്. മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യം പോയി.മന്ത്രിമാര്‍ മര്യാദരാമന്മാരായി. മുഖം മിനുക്കലില്‍ വോട്ടര്‍മാര്‍ വഞ്ചിതരാകരുത്. ഇത് അക്കരെ കടക്കാനുള്ള തന്ത്രമാണെന്നും അഞ്ചു വര്‍ഷം തലക്കനം, ആഢംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി ഇതായിരുന്നു പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്നും ആന്റണി പറഞ്ഞു. ശബരിമലയില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ നിലപാട് നേരത്തേ എടുത്തെങ്കില്‍ കേരളത്തിന് ഇത്ര നാശമുണ്ടാകുമായിരുന്നോയെന്നും ആന്റണി ചോദിച്ചു. വോട്ടര്‍മാര്‍ ഇതു മറക്കുമോയെന്നും ഇപ്പോള്‍ എത്ര മാറ്റി പറഞ്ഞാലും വോട്ടര്‍മാര്‍ മാപ്പു തരില്ലെന്നും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തിലെ പിണറായി സര്‍ക്കാരിന്റെ നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ കെ ആന്റണി പറഞ്ഞു. പമ്പ മുതല്‍ മാക്കൂട്ടം വരെ നൂറു കണക്കിന് പൊലീസുകാരുടെ അകമ്പടിയില്‍ സന്നിധാനത്ത് യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്‍മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിണറായി എത്ര മാറ്റിപ്പറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
വനിതാ പ്രാതിനിധ്യം കുറഞ്ഞത് ആരോപണമല്ലെന്നും സത്യമാണെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും ആന്റണി വ്യക്തമാക്കി. കൃപേഷിന്റെയും ശരത് ലാലിന്റെയും ശുഹൈബിന്റെയും കൊലപാതകത്തിന് മാപ്പില്ലെന്നും അമ്മമാരും സഹോദരിമാരും ഇത് മറക്കില്ലെന്നും നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ളത് രാഷ്ട്രീയ വനവാസം ആണെന്നും ആന്റണി പറഞ്ഞു. സുപ്രീം കോടതി വരെ പോയ സര്‍ക്കാര്‍ അവര്‍ക്ക് നീതി നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി എസ് സി യെ നോക്കു കുത്തിയാക്കിയതും പി എസ് സി യെ പാര്‍ട്ടി കമ്മിഷനാക്കിയതും ചെറുപ്പക്കാര്‍ മറക്കുമോയെന്നും അവരുടെ പ്രതികാരം വോട്ടിലൂടെ ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker