KERALALATEST

പ്രമുഖ തമിഴ് എഴുത്തുകാരന്‍ ആ. മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രമുഖ തമിഴ് രചയിതാവ് ആ. മാധവന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. 2013 ല്‍ ‘ഇലക്കിയ ചുവടുകള്‍’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാര ജേതാവ് കൂടിയാണദ്ദേഹം. ചെറുകഥകളും, നോവലുകളും, ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്.
തിരുവനന്തപുരം ചാള കമ്പോളത്തില്‍ പാത്രക്കട നടത്തവേയാണ് ആ. മാധവന്‍ തന്റെ രചനകള്‍ കുറിച്ചിരുന്നത്. ഇവിടത്തെ കാഴ്ചകളും ജീവിതവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ ആധാരം. തമിഴും മലയാളവും ഇടകലര്‍ന്ന പശ്ചാത്തലത്തില്‍ നിന്നുമുള്ള കുടുംബങ്ങളിലെ ഒരംഗമായിരുന്നു അദ്ദേഹവും. പ്രായം എണ്‍പത്തിനോടടുത്തപ്പോഴാണ് അദ്ദേഹം കടയില്‍ പോകുന്നത് നിര്‍ത്തി വിശ്രമജീവിതം ആരംഭിച്ചത്.
തകഴി ശിവശങ്കര പിള്ള, എസ്.കെ. പൊറ്റെക്കാട് എന്നിവരുടെ കൃതികള്‍ അദ്ദേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.’കടൈതെരുവിന്‍ കലൈഞ്ജന്‍’ എന്ന പേരില്‍ എഴുത്തുകാരന്‍ ബി. ജയമോഹന്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട്.
മലയാറ്റൂരിന്റെ യക്ഷി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, കാരൂര്‍ നീലകണ്ഠ പിള്ളയുടെ മരപ്പാവകള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
സംസ്‌കാരം ജനുവരി ആറ് രാവിലെ 10ന് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍. ഭാര്യ പരേതയായ ശാന്ത. മൂന്ന് മക്കളുണ്ട്.

Related Articles

Back to top button