ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ നിയോഗിച്ചിരിക്കുന്ന പ്രതിനിധി മാസങ്ങളായി കേരളത്തില്‍. എന്നാല്‍ ശമ്പളവും ഡല്‍ഹി അലവന്‍സും മുറപോലെ കൈപറ്റുന്നുണ്ട്. വിവരാവകാശ രേഖയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. അഡ്വ. കോശി ജേക്കബ് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേരള ഹൗസ് അഡ്മിനിസ്ട്രേഷന് ഓഫീസര്‍ ആണ് മറുപടി നല്‍കിയത്.കേന്ദ്ര സര്‍ക്കാരുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് പദവിയോടെ എ സമ്പത്തിനെ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി സമ്പത്ത് നാട്ടില്‍ തന്നെയാണ്. നാട്ടിലാണെങ്കിലും ശമ്പളവും ഡല്‍ഹി അലവന്‍സും ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് വിവരാവകാശ രേഖ പറയുന്നത്.
ഏപ്രില്‍ മാസം മുതല്‍ ഓഗസ്റ്റ് വരെയുള്ള ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 3.23 ലക്ഷം രൂപ സമ്പത്ത് കൈപ്പറ്റിയെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പായി സമ്പത്ത് നാട്ടിലേക്ക് പോന്നിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് വരാന്‍ കഴിയാതെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഡല്‍ഹിയില്‍ കുടുങ്ങിയിരുന്നു. ഈ സമയത്ത് കേരള സര്‍ക്കാരിന്റെ പ്രതിനിധി ഡല്‍ഹിയില്‍ ഇല്ലാതിരുന്നത് വിവാദത്തിന് കാരണമാകുകയും ചെയ്തിരുന്നു.