ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആറ്റിങ്ങല്‍ മുന്‍ എം പി അഡ്വ. എ. സമ്പത്ത്സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു. ഡല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി.
അതേസമയം, തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ ഡല്‍ഹിയില്‍ നിന്നും മാറി നില്ക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്ക്കരിക്കുമെന്നായിരുന്നു യുഡിഎഫ് എംപിമാരുടെ ആഹ്വാനം.
2019 ഓഗസ്റ്റ് 13 നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കോവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ കേരളത്തില്‍ തുടര്‍ന്നതായും സമ്പത്തിനെതിരെ പ്രതിപക്ഷം വിവര്‍ശനം ഉന്നയിച്ചിരുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകാതെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തത് ചര്‍ച്ചയായിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നല്കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടില്‍ തുര്‍ന്നുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് ഡല്‍ഹിയിലെ പ്രത്യേക അലവന്‍സ് സഹിതം 3.28 ലക്ഷം രൂപ കൈപ്പറ്റിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സമ്പത്തിനെതിരെ നടപടിയാവശ്യപ്പെട്ട് അഡ്വക്കറ്റ് കോശി ജേക്കബ് നല്കിയ പരാതി ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
എ. സമ്പത്തിന്റെ വീടിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘വിളിച്ചുണര്ത്തല്’ പ്രതിഷേധം നടത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ പ്രശ്നങ്ങള്‍ സമ്പത്ത് കണ്ടില്ലെന്നു നടിക്കുകയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. തോറ്റ എംപിക്ക് ലക്ഷങ്ങള്‍ ശമ്പളം നല്കി പ്രത്യേക പ്രതിനിധി ആക്കിയതില്‍ കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷവും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം സി പി എം ഏറ്റെടുക്കുകയാണെങ്കില്‍ അഡ്വ . എ സമ്പത്ത് സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.