തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടേയും അറസ്റ്റില്‍ ധാര്‍മ്മികമായ ഒരു പ്രതിസന്ധിയും സിപിഎമ്മോ സര്‍ക്കാറോ അനുഭവിക്കുന്നില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് മുന്‍പും നിലപാട് എടുത്തിട്ടുണ്ട്. ഒറ്റപ്പെട്ട ചില വ്യക്തികള്‍ക്ക് വന്ന പിശകിനെ പാര്‍ട്ടി പിശകായി കാണേണ്ടതില്ല. എല്ലാം ജനങ്ങള്‍ക്ക് അറിയാം. അടിത്തറയുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും എ വിജയരാഘവന് പ്രതികരിച്ചു.
മകനെതിരായ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനാണ് തെറ്റ് പറ്റിയതെങ്കില്‍ അതിന് പാര്‍ട്ടി മറുപടി പറയണം. ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമേ അല്ല. മകന്റെ ധാര്‍മ്മികത അച്ഛന്റെ തലയില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. ബിനീഷ് കോടിയേരി സിപിഎം നേതാവല്ലെന്നും എ വിജയരാഘവന് വിശദീകരിച്ചു. അന്വേഷണ ഏജന്‍സികളുടെ നടപടിയില്‍ സിപിഎമ്മിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണ് എ വിജയരാഘവന് പറയുന്നത്.
ആരോപണങ്ങളെല്ലാം പ്രതിപക്ഷ പ്രചാരണമാണ്. ഇതൊന്നും സി പി എമ്മിന്റ പ്രതിച്ഛായയെ ബാധിക്കില്ല. ചെറിയ കുട്ടിയാണെങ്കില്‍ ചെയ്യുന്ന കുറ്റത്തിന് ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ടാകും. ബിനീഷ് കോടിയേരി പ്രായപൂര്‍ത്തിയായ ആളാണ്. കേസും അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണെന്ന തോന്നല്‍ ഇപ്പോഴില്ല. അങ്ങനെ ഉണ്ടായാല്‍ ആ സമയം ഇടപെടും. സിപിഎമ്മിനോ മുന്നണിക്കോ സര്‍ക്കാരിനോ പ്രതിസന്ധിയില്ലെന്നും ഇടതു മുന്നണി കണ്‍വീനര്‍ വിശദീകരിച്ചു.