കൊച്ചി: ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടപ്പാക്കുന്ന അട്ടിമറിക്ക് കോണ്‍ഗ്രസും കൂട്ടു നില്ക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ആര്.എസ്.എസും കോണ്‍ഗ്രസും ഒന്നിച്ചാണ് പരാതി നല്‍കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും അനില്‍ അക്കരയും പരാതികള്‍ നല്കിയ ഉടന്‍ നടപടി ഉണ്ടായി. എന്നാല്‍ ടൈറ്റാനിയം കേസില്‍ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കില്‍ എന്തുകൊണ്ട് വി മുരളീധരനും അനില്‍ നമ്പ്യാര്‍ക്കുമെതിരെ നടപടി ഉണ്ടായില്ലെന്നും റഹിം ചോദിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇടതു പക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുകയാണ്. സ്വര്‍ണ്ണകടത്തു പണം രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഉപയോഗിച്ചെന്ന് എന്‍.ഐ.എ പറയുന്നു. എന്നാല്‍ അന്വേഷണം ആ വഴിക്ക് നടക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസും ലീഗും പിന്തുണ നല്‍കുകയാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് വീട് നല്കുന്ന ലൈഫ് മിഷന് പദ്ധതിയെ കളങ്കപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ശരിയല്ലെന്നും റഹീം പറഞ്ഞു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തിയട്ടില്ല. ഫയല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ഒരു ഉദ്യോഗസ്ഥന് പോയി വാങ്ങുകയുമാണ് ചെയ്തത്. ഇതിനെയാണ് വിജിലന്‍സ് റെയ്ഡായി വ്യഖ്യാനിക്കുന്നത്.