തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ സുപ്രധാന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് കെ.സാമുവല്‍ എന്ന് സി.ബി.ഐ. ഡിവൈ.എസ്.പി. ദേവരാജന്‍. ഇദ്ദേഹമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസിലെ തൊണ്ടിമുതലുകള്‍ നശിപ്പിക്കപ്പെട്ട കേസ് അന്വേഷിച്ചത്.
ആര്.ഡി.ഒ. കോടതിയില്‍നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കെ.സാമുവല്‍ അഭയയുടെ വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ചെരുപ്പ് എന്നിവ ഉള്‍പ്പെടുന്ന തൊണ്ടിമുതലുകള്‍ അന്വേഷണത്തിന്റെ ഭാഗമായി മടക്കിവാങ്ങിയിരുന്നുവെന്ന് 2014ല്‍ നടത്തിയ തുടരന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഭയയുടെ സ്വകാര്യ ഡയറി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, 1993 മാര്‍ച്ചില്‍ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു മുന്‍പ് ഡയറി മാത്രം കോടതിയില്‍ ക്രൈംബ്രാഞ്ച് തിരികെ ഏല്‍പ്പിച്ചു.
ആര്.ഡി.ഒ.യുടെ നിര്‍ദേശപ്രകാരം ഓഫീസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഉദ്യോഗസ്ഥര്‍ ഡയറി കത്തിച്ചുകളഞ്ഞതായി ദേവരാജന്‍ കോടതിയെ അറിയിച്ചു. ഓഫീസ് വൃത്തിയാക്കല്‍ നടന്നത് 1993 ജൂണിലാണ്. കേസ് ഏറ്റെടുത്തപ്പോള്‍ അന്നത്തെ സി.ബി.ഐ. ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസ് ഹംസ വധക്കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്നു. ഹംസ വധക്കേസ് വിചാരണക്കോടതിയില്‍ നടക്കുന്നതിനിടെ, തിരക്കു കാരണം അഭയ കേസിലെ തൊണ്ടിമുതലുകള്‍ അന്വേഷണത്തിന് ആവശ്യമാണെന്നു കാണിച്ച് ആര്.ഡി.ഒ. കോടതിയില്‍ ഹര്‍ജി നല്കാന് വര്‍ഗീസ് പി.തോമസിനു കഴിഞ്ഞിരുന്നില്ലെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ദേവരാജന്‍ മറുപടി നല്കി.
ആദ്യമേ അപേക്ഷ നല്കിയിരുന്നെങ്കില് ഡയറി സംരക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ ദേവരാജന്‍ മൊഴിനല്‍കി. ഹൈക്കോടതി തുടരന്വേഷണം ഏല്‍പ്പിച്ചപ്പോള്‍ത്തന്നെ നിലവിലെ കുറ്റപത്രത്തിലെ കാര്യങ്ങള്‍ അന്വേഷിക്കരുതെന്നും തൊണ്ടിമുതലുകള്‍ നശിപ്പിക്കപ്പെട്ട കാര്യത്തിനപ്പുറത്തേക്ക് അന്വേഷണം പോകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ദേവരാജന്‍ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ.സനില്‍ കുമാര്‍ മുമ്പാകെ മൊഴി നല്കി. സി.ബി.ഐ.ക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.നവാസ് ഹാജരായി.