BREAKING NEWSWORLD

‘ഗര്‍ഭഛിദ്രം വേണം, അതിനായി പ്രാര്‍ത്ഥിക്ക്’: പോളണ്ടിലെ പള്ളിയില്‍ കുര്‍ബാന മുടക്കി സമരം

വാഴ്‌സോ: പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിനെതിരെ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയതിനു പിന്നാലെ രാജ്യത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് വന്‍ പ്രതിഷേധവും സംഘര്‍ഷവും. ദീര്‍ഘകാലമായി പോളണ്ടില്‍ ഗര്‍ഭഛിദ്രം വലിയ വിവാദവിഷയമാണെങ്കിലും ഇതാദ്യമായാണ് പ്രതിഷേധം പള്ളികളിലേയ്ക്ക് പടരുന്നത്. പോസ്‌നാന്‍ നഗരത്തിലെ ഒരു പള്ളിയുടെ അള്‍ത്താരയിലാണ് കുര്‍ബാനയ്ക്കിടെ ഒരു സംഘം യുവാക്കള്‍ കടന്നു കയറി പ്രതിഷേധം അറിയിച്ചത്.
ബാനറുകളുമായി അള്‍ത്താരയിലേയ്ക്ക് എത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം അവിടെ കുത്തിയിരുന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഡിഡബ്ല്യൂവിന്റെ റിപ്പോര്‍ട്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പുരോഹിതന് കുര്‍ബാന നിര്‍ത്തി വെക്കേണ്ടതായി വന്നു.
ഒരു സംഘം വലതുപക്ഷ പാര്‍ലമെന്റംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രം കര്‍ശനമായി തടയുന്ന നിയമം സര്‍ക്കാര്‍ പാസാക്കിയതിനു പിന്നാലെയാണ് വന്‍തോതില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സഭയില്‍ ബില്‍ പാസാക്കുന്നതിനു പകരം പോളണ്ടിലെ ഭരണഘടനാ കോടതി വഴിയായിരുന്നു ബില്‍ പാസാക്കിയത്. കോടതി ക്രൈസ്തവസഭയെ പിന്തുണയ്ക്കുന്ന സര്‍ക്കാരിന് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു പിന്നാലെയായിരുന്നു സഭയ്‌ക്കെതിരെ കടുത്ത പ്രതിഷോധം. പോസ്‌നാനു പുറമെ മറ്റു സ്ഥലങ്ങളിലും പള്ളികള്‍ക്കുള്ളില്‍ പ്രതിഷേധം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ‘നിങ്ങളുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട്’ എന്നും ‘ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തിനു വേണ്ടി പ്രാര്‍ഥിക്കൂ’ എന്നുമായിരുന്നു പ്രതിഷേധക്കാരുടെ ബാനറുകളിലെ എഴുത്ത്. പോളണ്ട് ‘സ്ത്രീകളുടെ നരക’മാണെന്നും ബാനറുകളില്‍ എഴുതിയിരുന്നു. വിവിധ പള്ളികളിലും പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ സ്മാരകങ്ങളിലുമാണ് പ്രതിഷേധം അരങ്ങേറുന്നത്.
പോളണ്ട് ഭരിക്കുന്ന യാഥാസ്ഥിതിക വലതുപക്ഷ സര്‍ക്കാരിലെ എംപിമാരാണ് ദീര്‍ഘകാലമായി ഭരണഘടനാ കോടതിയിലെ അംഗങ്ങള്‍. രാജ്യത്തെ ജനാധിപത്യത്തിന് ദോഷകരമാണെന്ന് ഈ സംവിധാനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ മുന്‍പ് പ്രതികരണം അറിയിച്ചിട്ടുണ്ട്. ഈ സംവിധാനം വഴിയാണ് ഗര്‍ഭഛിദ്രത്തിനെതിരെ സഭയ്ക്ക് അനുകൂലമായി കടുത്ത നിയമം പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്.
ചില സന്ദര്‍ഭങ്ങളില്‍ മാത്രം ഇപ്പോഴും പോളണ്ടില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. അമ്മയുടെ ആരോഗ്യം അപകടത്തിലാണെങ്കിലോ ഗര്‍ഭസ്ഥ ശിശുവിന് വലിയ വൈകല്യങ്ങളുണ്ടെങ്കിലോ അബോര്‍ഷന്‍ അനുവദിക്കും. ബലാത്സംഗത്തിലൂടെയാണ് ഗര്‍ഭിണിയായതെങ്കിലും ഗര്‍ഭഛിദ്രം അനുവദനീയമാണ്. അതേസമയം, പുതിയ നിയം അനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ ഉണ്ടെങ്കിലും ഗര്‍ഭഛിദ്രം അനുവദനീയമല്ല.
ഭരണഘടന അനുശാസിക്കുന്ന ജീവന്റെ സംരക്ഷണത്തിന് ഗര്‍ഭഛിദ്രം എതിരാണെന്നാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയത്. രാജ്യത്ത് ഒരു വര്‍ഷം അനുവദിക്കുന്ന ആയിരം ഗര്‍ഭഛിദ്ര കേസുകളില്‍ മിക്കതിലും കാരണം ഭ്രൂണത്തിന്റെ വൈകല്യങ്ങളാണ്. പുതിയ നിയമം വഴി രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് ഏതാണ്ട് പൂര്‍ണമായ വിലക്ക് നിലവില്‍ വരും. അതേസമയം, ഇത് ‘യുദ്ധ’മാണെന്നും വലതുപക്ഷ സര്‍ക്കാരിന്റെ നടപടി ‘സ്ത്രീകള്‍ക്കെതിരായ യുദ്ധപ്രഖ്യാപന’മാണെന്നുമാണ് പ്രതിഷേധരംഗത്തുള്ള സംഘടനകളുടെ വാദം. നിയമത്തിനെതിരെ ആക്ഷന്‍ ഡെമോക്രസി എന്ന സന്നദ്ധസംഘടന ഇതിനോടകം രണ്ട് ലക്ഷം പേരുടെ ഒപ്പും ശേഖരിച്ചിട്ടുണ്ട്.
അതേസമയം, പള്ളികളെ സംരക്ഷിക്കുമെന്നും അതിനായി ‘ദേശീയ സുരക്ഷാസേന’ ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് വലതുപക്ഷ സംഘടനകള്‍ പറയുന്നത്. ‘ഞങ്ങള്‍ എല്ലാ പള്ളികളും എല്ലാ താമസകേന്ദ്രങ്ങളും എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കും.’ ഇന്‍ഡിപെന്‍ഡന്‍സ് മാര്‍ച്ച് എന്ന തീവ്രവലതുപക്ഷ സംഘടനയുടെ അധ്യക്ഷനായ റോബര്‍ട്ട് ബേക്കീവ്‌സ് വ്യക്തമാക്കി. ‘ഇടതുപക്ഷ ഗ്രൂപ്പുകള്‍ പറയുന്നത് ഇത് യുദ്ധമാണെന്നാണ്, ഞങ്ങള്‍ ഈ യുദ്ധത്തില്‍ പങ്കെടുക്കുകയാണ്.’ വാഴ്‌സോയിലെ ഒരു പള്ളിയ്ക്കു മുന്നില്‍ വെച്ച് അയാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker