മധുര: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ അധിക്ഷേപിക്കുകയും വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയും ചെയ്ത കേസിലെ പ്രതിയായ എബിവിപി നേതാവിന് എയിംസ് ബോര്‍ഡംഗമായി നിയമനം. എബിവിപി ദേശീയ അധ്യക്ഷനായ ഡിആര്‍ സുബ്ബയ്യ ഷണ്മുഖത്തിനെയാണ് തമിഴ്നാട്ടിലെ മധുരയിലെ തോപ്പൂര്‍ എയിംസ് പ്രോജക്ടില്‍ ബോര്‍ഡംഗമായി നിയമിച്ചത്. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
ജൂലൈയിലാണ് ഒറ്റയ്ക്ക് താമസിക്കുന്ന 62കാരിയെ ഉപദ്രവിച്ചെന്ന് സുബ്ബയ്യയ്ക്കെതിരെ ആരോപണം ഉയരുന്നത്. ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന സ്ത്രീയായിരുന്നു പരാതിക്കാരി. തന്നെ ഉപദ്രവിച്ചെന്നും വാതില്‍പ്പടിയില്‍ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വാതിലിനു മുന്നില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു പരാതി. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് ലോട്ട് ഉപയോഗിക്കുന്നതിനു പണം നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടതിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഈ സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പോലീസ് അതിക്രമത്തിന് ഇരയായ സ്ത്രീയെ സഹായിക്കുന്നില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവും സ്റ്റാന്‍ഡപ് കൊമേഡിയനുമായ ബാലാജി വിജയരാഘവന് രംഗത്തു വന്നതിനു പിന്നാലെ സംഭവം ദേശീയതലത്തില്‍ ശ്രദ്ധനേടുകയായിരുന്നു. എബിവിപി നേതാവ് വാതില്‍പ്പടിയില്‍ മൂത്രമൊഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം 62കാരി നല്കിയ പരാതി ആടമ്പാക്കം പോലീസ് സ്റ്റേഷനിലാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സ്ത്രീയുടെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിസിടിവി ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എബിവിപി നേതാവിന്റെ വാദം. എന്നാല്‍ പരിണിതഫലങ്ങള്‍ ‘ഭയാനക’മായിരിക്കുമെന്ന് കണ്ട് സ്ത്രീ പരാതി പിന്‍വലിച്ചതായി പിന്നീട് ബാലാജി വിജയരാഘവന് അറിയിച്ചിരുന്നു.
അതേസമയം, കുറ്റാരോപിതനായ എബിവിപി നേതാവിനെ ബോര്‍ഡംഗമായി നിയമിച്ചതിനെതിരെ ഡിഎംകെ നേതാക്കളടക്കം രംഗത്തു വന്നിട്ടുണ്ട്. മാന്യതയില്ലാത്ത പെരുമാറ്റത്തിനുള്ള അംഗീകാരമാണോ ഇതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. നിയമനം സ്ത്രീകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസ് എംപി ജ്യോതിമണി പ്രതികരിച്ചു. സുബ്ബയ്യയെ സമിതിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം, വിസികെ നേതാക്കളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.