KERALALATEST

പുതുപ്പള്ളി വാഹനാപകടത്തില്‍ മരണം നാലായി; പത്ത് വയസുകാരനും മരിച്ചു

കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അമിത് ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ മരിച്ചത്.
അപകടത്തില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചിങ്ങവനം മൈലുംമൂട്ടില്‍ ജലജയുടെ മകനാണ് അമിത്. കാറിലുണ്ടായിരുന്ന അഞ്ച് പേരില്‍ ജലജയുടെ പിതാവ് മുരളിയും (70), കെ.കെ ജിന്‍സും (33) നേരത്തെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എല്‍.പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്കും നിസാര പരിക്കുകളുണ്ടായിരുന്നു.

Related Articles

Back to top button