പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ എം സി റോഡിലെ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ ദുരന്തത്തിന് ഇരകളായത് വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരം പറമ്പില്‍ ജെയിംസ് ചാക്കോയും (32), ചെങ്ങന്നൂര്‍ വെണ്മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സിയും (26) ആണ് അപകടത്തില്‍ മരിച്ചത്.
കമ്പ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച ശേഷം ചെങ്ങന്നൂരിലേക്ക് മടങ്ങിവരവെയാണ് അപകടം. ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആന്‍സിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ സാമുവേലിന്റെ മകനായ ജയിംസ് മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്കൂളിലെ ബസ് ഡ്രൈവറാണ്. കോവിഡ് കാലമായതിനാല്‍ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.വെണ്മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകളായ ആന്‍സി ബിരുദധാരിയാണ്.
വെള്ളിയാഴ്ച വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് മുന്നില്‍ പോയ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ബസിനടിയില്‍ കുടുങ്ങിപ്പോയ ജെയിംസിനെയും ആന്‍സിയെയും ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കണ്ണാടി കടയിലെ സ്റ്റാഫിന്റെ രണ്ട് സ്കൂട്ടറുകളും ട്രോഫി മാള്‍ ഉടമയുടെ കാറും ബസ്സിടിച്ച് തകര്‍ന്നു. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്ന് തിരുവല്ല സി ഐ പി.എസ്. വിനോദ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി നാരങ്ങാനം കാട്ടൂര്‍ കളരിപ്പറമ്പില്‍ സജിനി (22 ), പത്തനംതിട്ട ആഴൂര്‍ കച്ചിപ്പുഴയില്‍ ആഷ്ന (22 ), വൈക്കം ശ്രീവത്സത്തില്‍ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തില് സുമ (41), കരുനാഗപ്പള്ളി പുത്തന്‍ചന്ത സോമശൈലത്തില്‍ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയില്‍ കെസിയ ആന്‍ ജോണ്‍(21 ), പത്തനംതിട്ട സ്വദേശികളായ അജയകുമാര്‍ (47 ), മിനി പി.അജയന് (45 ), ലിസി വര്‍ഗീസ് (50 ),അനില (23), മീര (30 ), കോട്ടയം സ്വദേശി ദിനേശന് (60 ), കോഴഞ്ചേരി സ്വദേശി ബേബി (44 ), ചിറ്റാര്‍ സ്വദേശി ജിനു (30 ), കോട്ടയം പാമ്പാടി സ്വദേശി വിത്സന്, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39 ), തിരുവല്ല സ്വദേശി സദാനന്ദന് (58) , ബസ് ഡ്രൈവര്‍ കോട്ടയം കുമാരനെല്ലൂര്‍ അജയ ഭവനില്‍ എ ജി അജയകുമാര്‍ ( 38 ), കണ്ടക്ടര്‍ കോട്ടയം സൗത്ത് പാമ്പാടി പള്ളിപ്പീടികയില്‍ വില്‍സണ്‍ (40) എന്നിവരെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയില്‍ രേഷ്മാ ശങ്കര്‍ (21) സഹോദരി രശ്മി ശങ്കര്‍ (19 ), എന്നിവര്‍ക്കാണ് പരുക്കേറ്റത്.