BREAKINGNATIONAL

മാതാപിതാക്കള്‍ ഉറങ്ങുമ്പോള്‍ കാറുമായി കറങ്ങാനിറങ്ങി പ്ലസ്ടുക്കാരന്‍; അപകടത്തില്‍ തൊഴിലാളി മരിച്ചു, കാര്‍ കത്തി

കോയമ്പത്തൂര്‍: പ്ലസ്ടു വിദ്യാര്‍ഥി ഓടിച്ച കാറിടിച്ച് അതിഥിത്തൊഴിലാളി മരിച്ചു. തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചശേഷം മീഡിയനിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിനശിച്ചു. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തീപിടിച്ച കാറിനുള്ളില്‍ കുടുങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയെ ഉയരപ്പാതയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് രക്ഷിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
പശ്ചിമബംഗാള്‍ സ്വദേശിയായ അക്ഷയ് ബേര(23)യാണ് 17-കാരന്‍ ഓടിച്ച കാറിടിച്ച് മരിച്ചത്. അവിനാശി റോഡിലെ ഉയരപ്പാത നിര്‍മാണത്തിനെത്തിയ തൊഴിലാളിയായിരുന്നു ഇദ്ദേഹം. സംഭവസമയത്ത് സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നത് അക്ഷയ് ആയിരുന്നു. ഇതിനിടെയാണ് 17-കാരന്‍ ഓടിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തുകയും നിയന്ത്രണംവിട്ട് തൊഴിലാളിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തത്. പിന്നാലെ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറിയ കാറിന് തീപിടിച്ചു. ഇതോടെ കാറിനുള്ളില്‍ കുടുങ്ങിയ 17-കാരനെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. പീലമേടുനിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
സംഭവത്തില്‍ 17-കാരനെതിരേയും ഇയാളുടെ പിതാവിനെതിരെയും മുത്തച്ഛനെതിരേയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. കാറിന്റെ ആര്‍.സി. ഉടമ കുട്ടിയുടെ മുത്തച്ഛനാണെന്നും പോലീസ് അറിയിച്ചു.
കാറോടിച്ചിരുന്ന 17-കാരന്‍ പീലാമേടിലെ സ്വകാര്യസ്‌കൂളിലാണ് പഠിക്കുന്നത്. സംഭവദിവസം മാതാപിതാക്കള്‍ ഉറങ്ങുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥി കാറുമായി പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button