കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. കേസില്‍ പ്രോസിക്യൂഷന് സാക്ഷികളായ ഇരുവരും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിൽ വച്ചായിരുന്നു സാക്ഷി വിസ്താരം. ഇതിന് തൊട്ടുമുൻപത്തെ ദിവസം നടനും എംഎൽഎയുമായ മുകേഷിന്റെ സാക്ഷി വിസ്താരവും നടന്നിരുന്നു.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി സിദ്ദിഖും ഭാമയും നേരത്തെ നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം കോടതിയില്‍ സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.