കൊച്ചി: ലുലുമാളില്‍ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികള്‍ക്ക് നടി മാപ്പു നല്‍കിയത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ്. പൊതുജനമധ്യത്തില്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതില്‍ നടിയുടെ നിലപാട് തിരിച്ചടിയാകില്ലെന്നാണ് പൊലീസ് നിലപാട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാകും.
പ്രതികളായ മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദില്‍(24), കരിമല ചെണ്ണേന്‍കുന്നന്‍ റംഷാദ്(24) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്തു നിന്നു കളമശേരി സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനുള്ള യാത്രാമധ്യേ കുസാറ്റ് ജംക്ഷനില്‍ വച്ചു വാഹനം തടഞ്ഞ പൊലീസ് രാത്രി 8.50ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചതോടെയാണ് പൊലീസ് വെട്ടിലായത്. ഇരുവരുടെയും കുടുംബങ്ങളെ ഓര്‍ത്താണ് മാപ്പു നല്‍കുന്നതെന്നും നടി പറഞ്ഞു. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി അറിയിച്ചു. മനപൂര്‍വം നടിയെ സ്പര്ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പ്രതികള്‍ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് അപേക്ഷ പിന്‍വലിച്ചിരുന്നു.വ്യാഴാഴ്ച കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിങ്ങിനെത്തിയപ്പോള്‍ ആള്‍ത്തിരക്കില്ലാത്തിടത്തു വച്ചു പ്രതികള്‍ മനപൂര്‍വം തന്റെ ശരീരത്തു സ്പര്‍ശിക്കുകയും പിന്തുടരുകയും ചെയ്തെന്നു നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.