കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാല്‍ ജാമ്യം എടുക്കാതെ എങ്ങനെ ജയില്‍ മോചിതനായെന്ന് വിചാരണ കോടതി. സംഭവത്തില്‍ അപൂര്‍ണമായ റിപ്പോര്‍ട്ട് നല്കിയ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശകാരിച്ചു.
കേസില്‍ മാപ്പുസാക്ഷിയാക്കിയെങ്കിലും വിപിന്‍ ലാല്‍ ജാമ്യം എടുത്തിരുന്നില്ല. ഇയാളെ ജയിലില്‍ തന്നെ പാര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ നേരത്തെയുള്ള മറ്റൊരു കേസില്‍ വിപിന്‍ ലാലിന് ജാമ്യം ലഭിച്ചപ്പോള്‍ 2018ല്‍ വിയ്യൂര്‍ ജയില്‍ അധികൃതര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു.
വിപിന്‍ ലാലിന്റെ പരാതിയില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കെബി ഗണേഷ്കുമാര് എംഎല്‍എയുടെ പി.എ പ്രദീപിനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിപിന്‍ ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ രേഖകള്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇതില്‍ കോടതി നടത്തിയ പരിശോധനയിലാണ് വിപിന്‍ ലാലിന് ജാമ്യം നല്‍കിയിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ കോടതി വിളിച്ചുവരുത്തിയത്. മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് കോടതി ജയില്‍ സൂപ്രണ്ടിനെ ശകാരിച്ചത്.
വിപിന്‍ ലാല്‍ വിഷയത്തില്‍ 11ന് പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ കേസില്‍ കോടതിക്ക് മുന്നിലുള്ള ഹര്‍ജികളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് പുതിയ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ വേഗത്തിലാക്കാന്‍ ശനിയാഴ്ചകളിലടക്കം പ്രവര്‍ത്തിക്കാമെന്ന് കോടതിയും അറിയിച്ചിട്ടുണ്ട്. ഈ മാസം 21 മുതല്‍ കേസിലെ വിചാരണ പുനരാരംഭിക്കും.