AGRICULTURELATEST

സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ജൈവ കൃഷി മാതൃകക്ക് ദേശീയ അംഗീകാരം

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സംയോജിത കൃഷി മാതൃകയും ജൈവകൃഷി പാക്കേജുകളും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു. ചെലവൂരിലെ സംയോജിത കൃഷിത്തോട്ടമാതൃകയും ജൈവ കര്ഷകര്ക്കായി പാക്കേജുകള്‍ പുറത്തിറക്കിയതും പരിഗണിച്ച ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മിംഗ് സിസ്റ്റംസ് റിസര്‍ച്ച് കോഴിക്കോട് കേന്ദ്രത്തെ ഇന്ത്യയിലെ മികച്ച ജൈവകൃഷി മാതൃകയായി തെരഞ്ഞെടുക്കുകയായിരുന്നു. 201920 വര്‍ഷത്തെ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിച്ചത്.
ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 20 ജൈവ കൃഷി കേന്ദ്രങ്ങളില്‍ നിന്നാണ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെത് മികച്ച മാതൃകയായി തെരഞ്ഞെടുത്തത്. ഡോ. സി കെ തങ്കമണിയുടെ നേതൃത്വത്തിലുള്ള ടീമാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ജൈവ പാക്കേജുകള്‍ രാജ്യത്തെ പല സ്ഥലങ്ങളിലും വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞിട്ടുള്ളതും വ്യാപിപ്പിച്ചിട്ടുള്ളതുമാണ്. ചെറുകിട കര്‍ഷകര്‍ക്ക് ജൈവകൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഇത്തരമൊരു മാതൃക ഒരുക്കിയത്. തെങ്ങ്, മഞ്ഞള്‍, കപ്പ, ചേന, പയര്‍, തീറ്റപ്പുല്ല്, വാഴ എന്നീ വിളകള്‍ സ്ഥലലഭ്യതക്കനുസരിച്ചു കൃഷിചെയ്തും അതോടൊപ്പം പശുക്കളെ വളര്‍ത്തി കമ്പോസ്റ്റ് ഉണ്ടാക്കി ചെടികള്‍ക്ക് നല്‍കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
ഒരേക്കര്‍ സ്ഥലത്തു ഒരുവര്‍ഷം 1.3 ലക്ഷം രൂപയുടെ നേട്ടം ഉണ്ടാക്കാന്‍ സംയോജിതകൃഷിയിലൂടെ സാധിച്ചിട്ടുണ്ടെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
കൃഷിവിളകളോടൊപ്പം എച് എഫ് , ജഴ്‌സി, വെച്ചൂര്‍ പശു കാസര്‍ഗോഡ് കുള്ളന്‍ എന്നീ പശുവിനങ്ങളും കേന്ദ്രത്തില്‍ ഉണ്ട്. പശുവിന്റെ ചാണകവും, തീറ്റപ്പുലിന്റെ അവശിഷ്ടം കൊണ്ടുണ്ടാക്കുന്ന കംപോസ്റ്റുമാണ് വളമായി ഉപയോഗിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന പാലും ഉല്‍പ്പന്നങ്ങളും വില്പന നടത്തിയാണ് 1.3 ലക്ഷം രൂപ വരുമാനം ലഭിച്ചത്. ജൈവ മഞ്ഞള്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കാവുന്തറ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വനിതാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു മാതൃക മഞ്ഞള്‍ തോട്ടവും ഒരുക്കിയിരുന്നു. പരപ്പാറ കോളണിയില്‍ മാതൃക മഞ്ഞള്‍ തോട്ടം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker