AGRICULTUREBREAKING NEWSKERALALATEST

കാര്‍ഷിക മേഖലയുടെ ഗതി മാറ്റാന്‍ ജൈവവളം ഗുളിക രൂപത്തില്‍

വി കെ ജാബിര്‍
കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉത്പ്പാദിപ്പിക്കുന്ന ജൈവ ക്യാപ്‌സ്യൂള്‍ വില്പനയില്‍ വന്‍ വര്‍ദ്ധന. കോവിഡ് 19 വ്യാപനത്തോടെ ജനങ്ങള്‍ ജൈവകൃഷിയില്‍ കൂടുതല്‍ തല്പരരായതും ജൈവ ക്യാപ്‌സ്യൂള്‍ വില്പന വര്‍ദ്ധിക്കാന്‍ കാരണമായി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ധാരാളം യുവാക്കള്‍ കാര്‍ഷികരംഗത്ത് സജീവമായ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്.
കാര്‍ഷികമേഖലയുടെ ഗെയിം ചെയ്ഞ്ചര്‍ ആയേക്കും എന്നുകരുതുന്ന ജൈവ ഗുളികകളുടെ വില്പന ദേശീയ ലോക്ഡൗണിനു ശേഷമാണു കുതിച്ചുയര്‍ന്നത്. മെയ് തുടക്കം മുതല്‍ കാപ്‌സ്യൂളിന്റെ വില്പനയില്‍ വന്‍ മുന്നേറ്റമുണ്ടായി. 4000 ക്യാപ്‌സ്യൂളുകളാണ് മെയില്‍ മാത്രം വിറ്റുപോയത്. കോവിഡ് പ്രതിസന്ധിക്കു മുന്‍പ് പ്രതിമാസം വിറ്റുപോയിരുന്നത് ഏകദേശം 400 ഗുളികകള്‍ മാത്രമാണ്.
‘ജൈവശാസ്ത്രപരമായി കഴിവുള്ള സൂക്ഷ്മജീവികളുടെ വിജയകരമായ വിതരണം ഉറപ്പാക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ബയോകാപ്‌സ്യൂളുകള്‍’ എന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയരക്ടര്‍ ഡോ. സന്തോഷ് ജെ. ഈപ്പന്‍ പറഞ്ഞു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉല്‍പാദനക്ഷമതയും നിലനിര്‍ത്തുന്നതില്‍ ബയോകാപ്‌സ്യൂളിന്റെ ഉപയോഗം പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ സ്വീകാര്യതയെ ശാസ്ത്രജ്ഞര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. മണ്ണിന്റെ ഗുണനിലവാരവും പാരിസ്ഥിതികനിലവാരവും മെച്ചപ്പെടുത്താനും ഗുളികകള്‍ക്ക് കഴിയും അദ്ദേഹം പറഞ്ഞു.
മെയ് മുതല്‍ ഓഗസ്റ്റ് വരെ ഏകദേശം 6000 കാപ്‌സ്യൂളുകളാണ് വിറ്റുപോയത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം കര്‍ഷകരാണ് ബയോകാപ്‌സ്യൂളുകള്‍ ഉപയോഗിക്കുന്നത്.
വീടുകളിലെ പച്ചക്കറികൃഷിയിലും ഗ്രോബാഗ് ഉപയോഗിച്ചുള്ള ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ കൃഷിയിലും മികച്ചവര്‍ധനവുണ്ട്.
കോവിഡ് പ്രതിസന്ധിക്കു പിന്നാലെ സുഗന്ധവ്യഞ്ജന മേഖലയിലും മറ്റും ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി കര്‍ഷകര്‍ നൂതന മൈക്രോബിയല്‍ ഡെലിവറി രീതി ഉപയോഗിക്കാന്‍ തുടങ്ങി. ബയോക്യാപ്‌സ്യൂള്‍ നിര്‍മാണത്തിന്, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, ബാസിലസ് എന്നിവയുള്‍പ്പെടെയുള്ള പ്രയോജനകരമായ സൂക്ഷ്മജീവികളെയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത മൈക്രോബിയല്‍ ഫോര്‍മുലേഷനുകളില്‍ നിന്ന് വ്യത്യസ്തമായി, ഗുളികരൂപത്തിലുള്ള ഉപയോഗം (എന്‍ക്യാപ്‌സുലേഷന്‍) സൂക്ഷ്മജീവികള്‍ ഉപയോഗിച്ചുള്ള വളപ്രയോഗം കൂടുതല്‍ ലളിതമാക്കുന്നു. ഒരു ക്യാപ്‌സ്യൂള്‍ 100 200 ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ലയിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.
പരമ്പരാഗത രീതിയില്‍ സൂക്ഷ്മാണുക്കളെ ഉപയോഗിക്കുന്നതിനെക്കാള്‍ എളുപ്പവും സൗകര്യപ്രദവുമാണ് കാപ്‌സ്യൂളുകള്‍. ഒരു കാപ്‌സ്യൂളിന് 1 ഗ്രാം മാത്രം ഭാരം ഉള്ളതിനാല്‍ കര്‍ഷകന് 4 ടണ്‍ ഫോര്‍മുലേഷനു പകരമായി വെറും 4 കിലോ കാപ്‌സ്യൂളുകള്‍ ഉപയോഗിച്ചാല്‍ മതി. ദോഷകരമായ രാസവസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും ഇതില്‍ അടങ്ങിയിട്ടില്ല.
ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിളഗവേഷണ കേന്ദ്രത്തിന്റെ ബയോക്യാപ്‌സ്യൂള്‍. രാജ്യത്തെ കര്‍ഷകരുടെ ആവശ്യം നിറവേറ്റുന്നതിനായി രണ്ടു സ്വകാര്യ സ്ഥാപനങ്ങളെ സുഗന്ധവിള ഗവേഷണകേന്ദ്രം ലൈസന്‍സികള്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബയോക്യാപ്‌സ്യൂള്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയുടെ പേറ്റന്റ് പ്രക്രിയ അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button