AGRICULTUREBREAKING NEWSKERALA

16 ഇനം പച്ചക്കറികള്‍ക്ക് ഇന്ന് തറവില പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കര്‍ഷകര്‍ക്കായി ഇത്തരമൊരു നടപടി. 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില പ്രഖ്യാപിക്കുന്നത്. പ്രതിസന്ധിയിലായ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വിശദീകരിച്ചു.
ഉത്പാദനവിലയേക്കാള്‍ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിശ്ചയിക്കാന്‍ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാനം തറവില നിശ്ചയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സവാള വില നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട ഏജന്‍സികളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് മുഖേന നാഫെഡില്‍ നിന്നും 1800 ടണ്‍ സവാള വാങ്ങാന്‍ തീരുമാനിച്ചു.
സപ്ലൈകോ ആയിരം ടണ്‍, കണ്‍സ്യൂമര്‍ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍ എന്നിങ്ങനെ സവാള വാങ്ങും. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ വിതരണം തുടങ്ങും. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് ഇവ കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴി സംഭരണ കേന്ദ്രത്തില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാടിനും കര്‍ണാടകത്തിനും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെയാണ് വിപണിയില്‍ പച്ചക്കറി വില ഉയര്‍ന്നത്. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Related Articles

Back to top button