ENTERTAINMENTMALAYALAM

‘ഈ നാടകത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല’: പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ

പൃഥ്വിരാജ് ചിത്രം ഭ്രമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. തന്റെ ബി ജെ പി ബന്ധം കാരണം മകളെ രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി അഹാനയുടെ പിതാവ് കൂടിയായ നടന്‍ കൃഷ്ണകുമാര്‍ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി അഹാനയുടെ പ്രതികരണം.
‘സിനിമയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ തന്റെ ചിത്രങ്ങള്‍ വച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ തന്നെ ഒഴിവാക്കണമെന്നാണ് അഹാന ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇപ്പോള്‍ നടക്കുന്ന നാടകങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ല. ഇതുമായി ബന്ധപ്പെട്ട് എവിടെയും പ്രതികരിക്കുകയോ ഒന്നും പറയുകയോ ചെയ്തിട്ടില്ല. എന്നെ ഇതില്‍ നിന്നൊക്കെ ഒഴിവാക്കണം. ഞാന്‍ ആ സിനിമയിലേ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ചിട്ട് വാര്‍ത്തയാക്കരുത്. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തള്ളിക്കളയണം’ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഹാന വിശദീകരിക്കുന്നു.
താന്‍ പൃഥ്വാരാജിന്റെ കടുത്ത ആരാധികയാണെന്ന കാര്യവും അഹാന പറയുന്നുണ്ട്. നിലവിലെ വിവാദങ്ങളുടെ പേരില്‍ പൃഥ്വിരാജിനെ ആക്രമിക്കുന്നവരോട് വേറൊരു പണിയുമില്ലേ എന്നാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു. തന്റെ രാഷ്ട്രീയം കൊണ്ടാണ് അഹാനയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്ന കൃഷ്ണകുമാറിന്റെ ആരോപണത്തിനെതിരെ നേരത്തെ തന്നെ ഭ്രമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
തീരുമാനം തികച്ചും തൊഴില്‍പരമാണെന്നും അതില്‍ ഒരു രാഷ്ട്രീയ പ്രേരണയും കലര്‍ന്നിട്ടില്ലെന്നുമായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചത്. സിനിമയിലെ നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ അടക്കം ആര്‍ക്കും ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ഓപ്പണ്‍ ബുക്ക്‌സ് പ്രൊഡക്ഷന് വേണ്ടി രവി കെ ചന്ദ്രന്‍, സി വി സാരഥി, ബാദുഷ എന്‍ എം, വിവേക് രാമദേവന്‍, ശരത് ബാലന്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി.കെ.ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. ശ്രീറാം രാഘവന്റെ അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം.

Related Articles

Back to top button