LATESTKERALA

കരിപ്പൂരില്‍ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് ആണ്‍കുഞ്ഞ് പിറന്നു

മഥുര: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന്റെ പത്‌നി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശനിയാഴ്ചയാണ് അഖിലേഷിന്റെ പത്‌നി മേഘയെ മഥുരയിലെ നയാതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ അവര്‍ ഒരു ആണ്‍കുഞ്ഞ് ജന്മം നല്‍കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 2.75 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവാനായടിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.മേഘയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭാവസ്ഥയിലിരിക്കേ അഖിലേഷിന്റെ മരണവാര്‍ത്ത കേട്ടത് മേഘയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. അവര്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് 19 ചട്ടങ്ങള്‍ പ്രകാരമാണ് അമ്മയെയും കുഞ്ഞിനെയും പരിപാലിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അഖിലേഷ് കുമാറിന്റെ ജന്മനാടാണ് ഉത്തര്‍പ്രദേശിലെ മഥുര. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതും മഥുരയിലായിരുന്നു. സംസ്‌കാരത്തിനു കുറച്ചു മുന്‍പ് മാത്രമാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മരണവാര്‍ത്ത അറിയിച്ചത്. പൂര്‍ണഗര്‍ഭിണിയായ മേഘയുടെ ആരോഗ്യസ്ഥിതിയോര്‍ത്ത് കുടുംബാംഗങ്ങള്‍ അഖിലേഷിന്റെ വിയോഗവാര്‍ത്ത മേഘയെ ആദ്യം അറിയിച്ചിരുന്നില്ല.രണ്ടുവര്‍ഷം മുന്‍പായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. കോഴിക്കോട് എയര്‍ ഇന്ത്യ ബേസിലായിരുന്നു അഖിലേഷും മേഘയും താമസിച്ചിരുന്നത്. എന്നാല്‍ പ്രസവം അടുത്തതോടെ കഴിഞ്ഞ ജൂണിലാണ് മേഘ അഖിലേഷിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആഗസ്ത് 21 മുതല്‍ പതിനഞ്ചു ദിവസത്തേക്ക് ലീവില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയായിരുന്നു അഖിലേഷ്.മഹാരാഷ്ട്രയിലെ ഓക്‌സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ അഖിലേഷ് 2017 ലാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. സ്വന്തം ഗ്രാമത്തില്‍ നിന്നും പൈലറ്റായ ആദ്യത്തെ ചെറുപ്പക്കാരന്‍ കൂടിയായിരുന്നു അഖിലേഷ്.ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത് ദൗത്യവിമാനത്തിന്റെ സഹവൈമാനികന്‍ കൂടിയായിരുന്നു അഖിലേഷ് കുമാര്‍. വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ക്രൂവിനെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്.
കരിപ്പൂര്‍ വിമാനാപകടം നടന്ന് ഒരുമാസം തികയുകയാണ് ഈ തിങ്കളാഴ്ച. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയായിരുന്നു കരിപ്പൂരില്‍ ലാന്‍ഡ് ചെയ്ത ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് താഴ്ചയിലേക്ക് വീണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ പൈലറ്റ് ദിപക് സാഥെയും സഹപൈലറ്റ് അഖിലേഷ് കുമാറും അടക്കം 21 പേരാണ് അപകടത്തില്‍പെട്ടത്.10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രി ദുബായില്‍നിന്ന് എത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു. പൈലറ്റും കോ പൈലറ്റും അടക്കം 18 പേര്‍ അപകടത്തിന് പിറകേയും രണ്ടു പേര്‍ ഏതാനും ദിവസത്തിനു ശേഷവുമായിരുന്നു മരണപ്പെട്ടത്.

Related Articles

Back to top button