കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷും സംഘവും വ്യാജ പരാതി നല്കി ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സിബുവിന് സ്സ്പെന്‍ഷന്‍. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് സിബുവിനെ സ്സ്പെന്റ് ചെയ്തിരിക്കുന്നത്. 2015 മാര്‍ച്ചിലാണ് സ്വപ്നയുടെ കള്ള പരാതിയെത്തുടര്‍ന്ന് സിബുവിന് സ്ഥലംമാറ്റം ലഭിച്ചത്.
എയര്‍ ഇന്ത്യ സാറ്റ്സില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ നിയമിച്ചത് എതിര്‍ത്തതോടെയാണ് സിബുവിനെതിരെ സ്വപ്നയെ ഉപയോഗിച്ച് കരുക്കള്‍ നീക്കാന്‍ സ്വപ്ന ഉള്‍പ്പെട്ട ക്രിമിനല്‍ സംഘം തീരുമാനിച്ചത്. 2015 മാര്‍ച്ചിലാണ് എയര്‍ ഇന്ത്യ സാറ്റ്സിലെ 17 ജീവനക്കാരുടെ പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് സിബുവിനെ സ്ഥലം മാറ്റുകയായിരുന്നു.
സിബു ക്രൈം ബ്രാഞ്ചിന് പരാതി നല്‍കുകയും സിബു കുറ്റക്കാരനല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. എങ്കിലും എയര്‍ ഇന്ത്യ സ്ഥലമാറ്റ ഉത്തരവ് പിന്‍വലിച്ചില്ല. പിന്നീട് 2018ല്‍ കോടതി വിധി ലഭിച്ചതിനു ശേഷം ഹൈദരാബാദിലെ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സിബു തയ്യാറായി. പാര്‍വ്വതി സാബു എന്ന പേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി പരാതി നല്‍കിച്ചത് സ്വപ്ന സുരേഷാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
സാറ്റ്സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന തന്നെക്കൊണ്ട് വൈസ് പ്രസിഡന്റും മറ്റ് ചിലരും തെറ്റായ കാര്യങ്ങള്‍ ചെയ്യിച്ചിരുന്നുവെന്ന് സ്വപ്ന അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടേതായി മൊഴി തയ്യാറാക്കിയതും സ്വപ്ന സുരേഷായിരുന്നു