തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയേക്കില്ല. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം സുപ്രീംകോടതി കോടതിയെ സമീപിക്കാന്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന് തീരുമാനിച്ചു.
തിരുവനന്തപുരം വിമനാത്താവളം അദാനിക്ക് വിട്ടു നല്‍കുന്നതിനെതിരെ തുടക്കം മുതല്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സംസ്ഥാന സര്‍ക്കാരാണ് ഒടുവില്‍ കേന്ദ്ര നിലപാടിന് മുന്നില്‍ കീഴടങ്ങുന്നത്. പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി ഇതുവരെ പ്രതിരോധം തീര്‍ത്ത സര്‍ക്കാര്‍ ഇനി ഈ നീക്കങ്ങള്‍ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ട് ഏകദേശം ഒരു മാസമായി.
സംസ്ഥാനസ!ര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. സുപ്രീം കോടതിയില്‍ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. സര്‍ക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെക്കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള വിമാനത്താവള ആക്ഷന്‍ കൗണ്‍ലിന്റെ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പില്‍ വിമാനത്താവള സ്വകാര്യവത്ക്കരണം സിപിഎമ്മും ബിജെപിയും പ്രധാന രാഷ്ട്രീയ വിഷയമാക്കുമ്പോഴാണ് സര്‍ക്കാരിന്റെ തീരുമാനം