ടൊറണ്ടോ: വിമാനത്താവളത്തില്‍ വെച്ച് ലഗേജ് ഇറക്കുന്നതിനിടെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ഒരു പിഴവിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പെട്ടികള്‍ ഇറക്കുന്നിതിനിടെ അതില്‍ ഒരെണ്ണം പൊട്ടി. പുറത്തുവന്നതാവട്ടെ ജീവനുള്ള നിരവധി ഈലുകള്‍. പാമ്പുകളെപ്പോലെ തോന്നിപ്പിക്കുന്ന ഇവ റണ്‍വേയ്ക്ക് സമീപം കിടന്നു പുളയുന്ന വീഡിയോ ദൃശ്യങ്ങളാണ് വിമാനത്താവള ജീവനക്കാരില്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കാനഡയിലെ വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത് സംഭവിച്ചത്. ടൊറണ്ടോയില്‍ നിന്ന് വാന്‍കൂവറിലേക്ക് വന്ന എയര്‍ കാനഡയുടെ കാര്‍ഗോ വിമാനത്തില്‍ നിന്ന് സാധനങ്ങള്‍ ഇറക്കവെയാണ് പെട്ടികളിലൊന്ന് അബദ്ധത്തില്‍ പൊട്ടി ഈലുകള്‍ പുറത്തുചാടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവമെന്ന് എയര്‍ കാനഡ കാര്‍ഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഒരു കണ്‍വേയര്‍ ബെല്‍റ്റിന് പുറത്തിരിക്കുന്ന പെട്ടിയും താഴെ വീണുകിടക്കുന്ന രണ്ട് ഡസനോളം ഈലുകളുമാണ് വീഡിയോയിലുള്ളത്. ഓരോന്നിനും അര മീറ്ററോളം നീളവുമുണ്ട്.
പറ്റിയത് ഒരു അബദ്ധമാണെന്നും ഈലുകളെല്ലാം തിരിച്ചെടുത്ത് വീണ്ടും പാക്ക് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എയര്‍ കാനഡ കാര്‍ഗോ അറിയിച്ചു. സംഭവത്തില്‍ ഈ കാര്‍ഗോ അയച്ച ഉപഭോക്താവുമായി ബന്ധപ്പെട്ടുവെന്നും കമ്പനി പറയുന്നു. എങ്ങനെയാണ് ഈ അബദ്ധം പറ്റിയതെന്ന് പക്ഷേ കമ്പനി പറയുന്നില്ല. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് തീരെ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കി.
പാമ്പുകളോട് രൂപസാദൃശ്യമുള്ള മത്സ്യങ്ങളാണ് ഈലുകള്‍. ആഴമില്ലാത്ത കടല്‍ മേഖലയില്‍ കാണപ്പെടുന്ന ഇവ മിക്കപ്പോഴും മണലില്‍ പുതഞ്ഞായിരിക്കും. ഇരപിടിച്ച് ഭക്ഷണം തേടുന്ന ഇവ മാംസഭുക്കുകളാണ്. ചെറുമത്സ്യങ്ങളും മറ്റ് ചെറിയ കടല്‍ ജീവികളുമാണ് പ്രധാന ഭക്ഷണം. ശുദ്ധജലത്തില്‍ വസിക്കുന്ന ഈലുകള്‍ പ്രാണികളുടെ ലാര്‍വകളെയും ഭക്ഷിക്കുന്നു.
157 1 minute read