BREAKING NEWSKERALALATESTNEWS

ബസ് ചാര്‍ജ് വര്‍ധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ബസ് ചാര്‍ജ് വര്‍ധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കാലത്ത് ബസ് നിരക്ക് എത്രയായിരിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തേയുള്ള മിനിമം ചാര്‍ജ് 8 രൂപ എന്നത് പത്ത് രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. രണ്ടര കിലോമീറ്റര്‍ ദൂരത്തിന് പത്ത് രൂപയും തുടര്‍ന്നുള്ള രണ്ട് കിലോമീറ്ററിന് പന്ത്രണ്ട് രൂപയും ഈടാക്കമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മിനിമം ചാര്‍ജില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. മിനിമം ചാര്‍ജ് ദൂരപരിധി രണ്ടര കിലോമീറ്ററായി കുറച്ചു. ആദ്യത്തെ രണ്ടര കിലോമീറ്ററിന് എട്ട് രൂപ ഈടാക്കും. തുടര്‍ന്നുള്ള രണ്ടര കിലോമീറ്ററിന് പത്ത് രൂപയായിരിക്കും. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ക്കും നിരക്കുകള്‍ ബാധകമായിരിക്കും. സൂപ്പര്‍ക്ലാസ് ബസുകളില്‍ മിനിമം നിരക്കും കിലോമീറ്റര്‍ നിരക്കും 25 ശതമാനം കൂടും. രണ്ട് ദിവസത്തിനകം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ അടച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button