BREAKINGKERALA

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി സുഹൈലിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത്. വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നു പറഞ്ഞ പ്രതിയോട് ഇരിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നല്‍കിയാല്‍ വീണ്ടും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ കേസിന്റെ അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമാണ് പ്രതിയുടെ വാദം. എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈല്‍ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പല സ്ഥലങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. കഴക്കൂട്ടം, വെണ്‍പാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. എ.കെ.ജി സെന്റര്‍ ആക്രമണം നടക്കുമ്പോള്‍ സൂത്രധാരനായ സുഹൈല്‍ നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ആക്രമണം നടന്ന ദിവസം രാത്രി ഇയാള്‍ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പൊലീസ് തെളിവെടുപ്പ് നടത്തിയത്.

Related Articles

Back to top button