തിരുവനന്തപുരം:വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് എൽ ഡി എഫ് സർക്കാരിന് കീഴിൽ ഉണ്ടായതെന്ന് വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ. വ്യവസായ മന്ത്രി പി രാജീവുമായി ആശയവിനിമയത്തിനുള്ള സൗകര്യമൊരുക്കി ഫിക്കി കേരള ഘടകം സംഘടിപ്പിച്ച യോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്.
നിക്ഷേപത്തിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച ഫിക്കി കേരള കോ ചെയർമാൻ ദീപക് ആശ്വിനി പറഞ്ഞു.
നൈപുണ്യ മികവുള്ള തൊഴിലാളികൾ, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങൾ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. ഐ ടി, ഭക്ഷ്യ, കാർഷികോല്പന്ന വ്യവസായം, പ്ളാന്റേഷൻ , എം എസ എം ഇ വ്യവസായമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികൾ ഏക ജാലക സംവിധാനത്തിലൂടെ നൽകുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങൾ എളുപ്പമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല എന്ന് കല്യാൺ സിൽക്സ് ചെയർമാൻ കൂടിയായ ടി എസ് പട്ടാഭിരാമൻ പറഞ്ഞു. സർക്കാരിൽ നിന്ന് പൂർണ സഹകരണമാണ് ലഭിച്ചത്. പരാതികൾ ഉന്നയിക്കപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.