തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ആണ് ദാരുണമായ സംഭവം ഉണ്ടായത്. വീട്ടമ്മയായ മുപ്പത്തിയെട്ടുകാരി അക്ഷര ആണ് മരിച്ചത്. അതേസമയം, അക്ഷരയുടെ ആത്മഹത്യയ്ക്കു പിന്നില്‍ സദാചാര ഗുണ്ടായിസമെന്നാണ് പരാതി.കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് അക്ഷരയുടെ ഭര്‍ത്താവിനെ കാണാന്‍ ഒരു കൂട്ടുകാരന് വന്നിരുന്നു. എന്നാല്‍, ഈ കൂട്ടുകാരനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചു. ഇയാള്‍ക്ക് അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്ന് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് അക്ഷരയെ അധിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന അക്ഷര കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കാരക്കോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അക്ഷര ഇന്ന് വൈകിട്ടാണ് മരണമടഞ്ഞത്.
അക്ഷരയുടെ സഹോദരന് നല്കിയ പരാതിയിലാണ് വെള്ളറട പൊലീസ് നാലു പേര്‍ക്കെതിരെ കേസ് എടുത്തത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സദാചാരഗുണ്ടായിസത്തെ തുടര്‍ന്നാണ് അക്ഷരയുടെ ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്.