വാഷിങ്ടന്‍: ഭീകര സംഘടനയായ അല്‍ ഖായിദയിലെ രണ്ടാമനെ ഓഗസ്റ്റില്‍ ഇറാനില്‍ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസിന്റെ അറിവോടെയാണ് അബു മുഹമ്മദ് അല്‍ മസ്റി എന്നറിയപ്പെടുന്ന അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1998ല്‍ അഫ്രിക്കയിലെ രണ്ട് യുഎസ് എംബസികള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളായിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പസ്ദാരന്‍ മേഖലയിലെ തെരുവില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് മസ്റിയെ വെടിവച്ചുവീഴ്ത്തിയത്. ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തിരയുന്ന ഭീകരരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചയാളാണ് ഇയാള്‍.
അല്‍ ഖായിദയുടെ നിലവിലെ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കുശേഷം സംഘടനയുടെ അമരത്തെത്തുമെന്നു വിശ്വസിക്കപ്പെട്ടിരുന്നയാളാണ് മസ്റി. അതേസമയം, ഇയാളെ വധിച്ചതില്‍ യുഎസ് പങ്കെടുത്തിരുന്നോയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ മണ്ണില്‍ അല്‍ ഖായിദ ഭീകരരില്ലെന്ന് പറഞ്ഞ് ഇറാനും റിപ്പോര്‍ട്ട് നിഷേധിച്ചിട്ടുണ്ട്. നുണകള്‍ പറഞ്ഞും മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ കൈമാറിയും ഇത്തരം സംഘടനകളുമായി ഇറാനെ കൂട്ടിക്കെട്ടാനാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്ന് ഇറാന് ആരോപിച്ചു.