ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പിരിവ് കേന്ദ്രം വാഹനം ഇടിച്ചു തകര്‍ന്നു. കൊമ്മാടിയില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ ഒന്നാണ് പൂര്‍ണമായും പൊളിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മരം കയറ്റിവന്ന ലോറിയാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ ആരും ഇവിടെ ഉണ്ടായിരുന്നില്ല. ഉദ്ഘാടന ദിവസം തന്നെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മേല്പാലത്തില് അപകടം ഉണ്ടായിരുന്നു.
വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ രണ്ടു കാറുകളും ഒരു മിനി ലോറിയും ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിനുശേഷം യാത്ര ചെയ്യാനായി വാഹനങ്ങളുടെ നീണ്ട നിര ഇവിടെ ഉണ്ടായിരുന്നു. ഇരു വശത്തും മണിക്കൂറുകള്‍ കാത്തു കിടന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇതോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പൊലീസും ഏറെ പ്രയാസപ്പെട്ടു. ബൈപ്പാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് ഇതിനിടെ പഞ്ചര്‍ ആകുകയും ചെയ്തിരുന്നു.
48 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. നാലര വര്‍ഷം കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കാരണമെന്ന് മന്ത്രി ജി സുധാകരന് ചടങ്ങില്‍ പറഞ്ഞു.
ബൈപ്പാസ് യാഥാര്‍ഥ്യമായപ്പോഴും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. ചടങ്ങില്‍ കെ സി വേണുഗോപാലിനെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കെസി വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. ദീര്‍ഘകാലം ആലപ്പുഴ എംപി ആയിരുന്ന വേണുഗോപാല്‍ ബൈപ്പാസിനായി നടത്തിയ ഇടപെടലുകളും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് വേണുഗോപാലും പ്രതികരിച്ചു. ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കാനായി അവതാരകന് ക്ഷണിച്ചവരില്‍ കെ സി വേണുഗോപാലുമുണ്ടായിരുന്നു. പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവരം വേണുഗോപാലിനെ അറിയിച്ചിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണം എന്ന് തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് സര്‍ക്കാരിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതും വാക്പോരിന് കാരണമായി.
ബൈപ്പാസ് പദ്ധതിയുടെ 85 ശതമാനവും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദത്തിന് മറുപടിയുമായി രാവിലെ കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തിയിരുന്നു. ആരാണ് ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇതിന് മന്ത്രി ജി സുധാകരന്റ മറുപടി. ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് മൂന്ന് കൂട്ടരും അവകാശപ്പെടുമ്പോഴും ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം അഭിനന്ദിക്കാനാണ് മുതിര്‍ന്നത്.