BREAKINGKERALA

ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് കൈമാറിയത്.

2014 ജനുവരി 23 മുതല്‍ 2023 സെപ്റ്റംബര്‍ 4 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് 2023 ജൂലൈയില്‍ ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.ബ്രിട്ടന്‍, ലണ്ടന്‍ സര്‍വകലാശാല, യു.കെ എന്നിവിടങ്ങളില്‍ നിന്നും നിയമ പരിശീലനം നേടിയ ന്യായാധിപനാണ് അദ്ദേഹം. ഭരണഘടനാ , ക്രിമിനല്‍, സിവില്‍, തൊഴില്‍, സര്‍വീസ്, കമ്പനി നിയമങ്ങളില്‍ അവഗാഹതയുള്ള ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ പ്രസിഡന്റായും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെഎക്‌സിക്യൂട്ടീവ് ചെയര്‍മാനായും കേരള സംസ്ഥാന മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ സെന്ററിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലാ ഇന്‍സ്റ്റിറ്യൂട്ടിന്റെ കേരള യൂണിറ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍ എല്‍ ബിയും കൊച്ചി സര്‍വകലാശാലയില്‍ നിന്നും എം.എസ്. സിയും നേടി. കോമണ്‍ വെല്‍ത്ത് യംഗ് ലായേഴ്‌സ് കോഴ്‌സില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച 4 ഇന്ത്യന്‍ അഭിഭാഷകരില്‍ ഒരാളായിരുന്നു അദ്ദേഹം

Related Articles

Back to top button