ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 25 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു.
അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി. ചെന്നൈയില്‍നിന്ന് 250 കിലോമീറ്ററോളം അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജമദ്യവില്‍പ്പനക്കാരില്‍നിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലക്കാരാണ് ദുരന്തത്തിനിരയായത്.
മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിലെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.
വ്യാജമദ്യ വില്‍പ്പന നടത്തിയ കണ്ണുക്കുട്ടി എന്ന ഗോവിന്ദരാജനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളില്‍നിന്ന് 200 ലിറ്റര്‍ മദ്യം പിടിച്ചു. അതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഏതാനും പേര്‍ മരിച്ചത് വിഷമദ്യം കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ബുധനാഴ്ച വൈകീട്ട് പത്രസമ്മേളനം വിളിച്ചുപറഞ്ഞിരുന്നത്. പലരും പല ലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിയതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവൂ എന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ മാറ്റിയത്.
വ്യാജമദ്യം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടതിനെത്തുടര്‍ന്നാണ് കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും മാറ്റിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എം.എസ്. പ്രശാന്ത് ആണ് പുതിയ കളക്ടര്‍.
1,088 1 minute read