KERALABREAKING NEWSPATHANAMTHITTATravel

ആലിച്ചനെ തേടി കുഞ്ഞാലിയും ലുട്ടാപ്പിയും പറന്നെത്തും, ചപ്പാത്തിയും ബിസ്‌ക്കറ്റും കഴിക്കാന്‍

മനുഷ്യനുമായി ഒരിക്കലും ഇണങ്ങില്ല എന്ന വിശ്വസിച്ചു പോരുന്ന ഓലേഞ്ഞാലിക്കിളികള്‍ പറമ്പിലും കൃഷിയിടങ്ങളിലും കലപില കൂട്ടി പറന്നു നടക്കുമെങ്കിലും ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ നിത്യജീവിതത്തിന്റെ ഭാഗമായതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നത്.തത്തയും മൈനയും മനുഷ്യനോട് ഇണങ്ങുന്നത് സാധാരണമാണ് എന്നാല്‍ ആലിച്ചനോടൊപ്പം കൂട്ടുകൂടാന്‍ മൂന്ന് ഓലേഞ്ഞാലികിളികള്‍ എത്തിചേരുന്നത് നാട്ടുകാര്‍ക്ക് അദ്ഭുതമാണ്.
റാന്നി മുണ്ടപ്പുഴ കിഴക്കേടത്ത് ആലിച്ചന്റ ഭവനം നഗരത്തില്‍ നിന്നും അല്പം മാറി ശാന്തസുന്ദരമായ പ്രദേശത്താണ്. പുലര്‍കാലത്ത് വിവിധയിനം പക്ഷികളാണ് ഇവിടെ എത്തിച്ചേരുന്നത്. ആലിച്ചന്റെ വീട്ടിലെത്തുന്ന പക്ഷികള്‍ സ്വതന്ത്രരാണ്. എല്ലാവര്‍ക്കും ആലിച്ചനും കുടുംബാംഗങ്ങളും ഭക്ഷണം നല്‍കും . ലോക്ക് ഡൗണ്‍ കാലയളവില്‍ ആലിച്ചന്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇക്കാലയളവിലാണ് പക്ഷികള്‍ വീട്ടിലേക്ക് എത്തി തുടങ്ങിയത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഓലഞ്ഞാലികിളികള്‍ പതുക്കെ വീട്ടിനകത്തേക്ക് എത്തി തുടങ്ങി.
ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്തതിനാല്‍ കിളികള്‍ ആലിച്ചന്റെ ചിത്രരചനാ മുറിയിലേക്കും പ്രവേശിച്ചു . പിന്നെ പതുക്കെ ശരീരത്തിലും കയറിയിരിക്കാന്‍ തുടങ്ങി. പിന്നീട് ഇത് പതിവു സംഭവമായി മാറി . വീട്ടിലേക്ക് സ്ഥിരമായി വരുന്ന മൂന്നു കിളികള്‍ക്ക് ആലിച്ചന്റെ മകള്‍ അശ്വതി പേരുകളും നല്‍കി. കുഞ്ഞാലി, ലുട്ടാപ്പി, പബ്ലി എന്നാണ് അശ്വതി ഇവര്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. കിളികളും പേരുകള്‍ മനസിലാക്കിയതിനാല്‍ പേരു കേള്‍ക്കേണ്ട താമസം ഇവര്‍ പറന്നു വരും.കൂട്ടമായല്ല ഓരോരുത്തരായിട്ടാണ് എന്നു മാത്രം.നേരം പുലരുമ്പോള്‍ ആദ്യ റൗണ്ട് എത്തും. ബിസ്‌ക്കറ്റോ ചപ്പാത്തിയോ നിര്‍ബന്ധമാണ്. ഇത് കിട്ടും വരെ ചുറ്റി തിരിയും. ഉച്ചയ്ക്കും വൈകിട്ടും ഇത് ആവര്‍ത്തിക്കും.
ഇതിനിടയില്‍ പതിവുകാരല്ലെങ്കിലും ചില അതിഥികള്‍ കൂടി വരും. കുട്ടു എന്ന അണ്ണാനും കാക്കത്തമ്പുരാട്ടിയുമാണ് ആ അതിഥികള്‍. ഒന്നും കിട്ടാതെ വിശപ്പകറ്റാന്‍ വരുന്ന ഇവര്‍ക്കും ആലിച്ചനും കുടുംബംഗാങ്ങളും വയറു നിറയുവോളം ഇഷ്ട ഭക്ഷണം നല്‍കും.ഈ അതിഥികളുടെ വരവ് പ്രമാണിച്ച് ആലിച്ചന്റെ വായനാമുറിയും ചിത്രരചനാ മുറിയും എപ്പോഴും ഇവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് . അതിനാല്‍ നേരം പുലരുമ്പോള്‍ ജനാലയ്ക്ക് അരികില്‍ എത്തി ചിലച്ച് വിളിച്ചുണര്‍ത്തുന്നതും ഇവരാണ്. ഒന്നിനേയും കൂട്ടിലാക്കി വളര്‍ത്തുന്നതിനോട് ആലിച്ചന് യോജിപ്പില്ല. കുടുംബത്തിലെ എല്ലാവരും ഇവര്‍ക്ക് ആഹാരം കൊടുക്കുമെങ്കിലും ആലിച്ചന്‍ കഴിഞ്ഞാല്‍ മകള്‍ അശ്വതിയാണ് ഇവര്‍ക്ക് എല്ലാം. ഓലേഞ്ഞാലിക്കിളികള്‍ക്ക് ആലിച്ചനോടുള്ള അപൂര്‍വ്വസൗഹൃദം കാണാന്‍ നാട്ടുകാരും ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ എത്താറുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker