BREAKING NEWSKERALA

എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ എന്‍ഐഎ പിടിയില്‍

ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ഇവര്‍ എറണാകുളത്ത് നിന്നും പിടിയിലായതെന്നാണ് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.
മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം. മിനിഞ്ഞാന്ന് രാത്രി തന്നെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.
ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഇവരെ എന്‍ഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇവര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ 180ഓളം അല്‍ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

Related Articles

Back to top button