BREAKING NEWSKERALA

പിടിയിലായ അല്‍ഖായിദ ഭീകരര്‍ നുഴഞ്ഞു കയറിയ വിദേശികളെന്ന് സംശയം

കൊച്ചി: പാക്കിസ്ഥാനിലെ അല്‍ഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എന്‍ഐഎ ഒരാഴ്ചയായി കേരളത്തില്‍ വലവിരിച്ചത്. ഇതില്‍ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം.
അറസ്റ്റിലായ 3 പേരും ബംഗാള്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിന്‍ ലാദന്‍ രൂപം കൊടുത്ത അല്‍ ഖായിദയുടെ ദക്ഷിണേന്ത്യന്‍ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.
ആക്രമണപദ്ധതി സൂചന ഒരു മാസം മുന്‍പ് തുടങ്ങിയിരുന്നു. കൊച്ചി നാവികത്താവളം, കപ്പല്‍ശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുന്‍പു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനു പുറമേ സാധാരണ ജനങ്ങള്‍ ഒത്തുചേരുന്ന ഇടങ്ങളിലും ഇവര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണു സൂചന. അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബര്‍ 9നു രാത്രി തമിഴ്‌നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തില്‍ ആദ്യമായി അല്‍ ഖായിദയുടെ പേരു കേട്ടത്.
ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ അല്‍ ഖായിദയുടെ ദക്ഷിണേന്ത്യന്‍ മൊഡ്യൂളിന്റെ ‘കമാന്‍ഡര്‍’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍. എന്നാല്‍ എന്‍ഐഎ രൂപീകരിക്കും മുന്‍പു നടന്ന ഈ കുറ്റകൃത്യത്തില്‍ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അല്‍ഖായിദ ബന്ധത്തിനു തെളിവുകള്‍ കണ്ടെത്താനായില്ല.
പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്‌ഫോടനം, വാഗമണ്‍ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തില്‍ അറസ്റ്റുണ്ടാകുന്നത്.
ഭീകരസംഘടനാ ബന്ധമുള്ളവര്‍ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗര്‍ സ്വദേശി മല്ലരാജ റെഡ്ഡിയും സംഘവും 2007 ഡിസംബര്‍ 7 ന് അങ്കമാലിയില്‍ പിടിക്കപ്പെട്ടിരുന്നു.

Related Articles

Back to top button