BREAKING NEWSLATESTNATIONAL

കര്‍ഷക സമരം മുതലെടുത്ത് പാക്കിസ്ഥാന്‍ ആയുധം എത്തിക്കുന്നു: പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷക പ്രതിഷേധം തുടങ്ങിയതിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്ത് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കര്‍ഷക സമരം ശക്തമായതിനു ശേഷം അതിര്‍ത്തിയിലെ അസ്വസ്ഥതകളും ക്രമാതീതമായി വര്‍ധിച്ചുവെന്നും പാക്കിസ്ഥാന്‍ ഡ്രോണുകളില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്കു കടത്തുകയാണെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു. വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമരീന്ദര്‍ സിങ്ങിന്റെ ആരോപണം.
ഒക്ടോബറില്‍ രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ മുതല്‍ പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്നും ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ആയുധങ്ങള്‍ കൂടാതെ പണവും ഹെറോയിനും ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ വഴി കടത്തുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളും അസ്വസ്ഥതകളുമുള്ള പഞ്ചാബാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.
രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ 20 ശതമാനം സൈനികരും കര്‍ഷകര്‍ സജീവമായ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് അവരുടെ ആത്മവിശ്വാസം തല്ലിക്കെടത്തരുതെന്നും അമരീന്ദര്‍ പറഞ്ഞു. ആരെയും അടച്ചാക്ഷേപിക്കാനല്ല താനിത് പറയുന്നതെന്നും റിപ്പബിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാനാണോ എന്നത് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണെന്നും അമരീന്ദര്‍ പറഞ്ഞു.
പഞ്ചാബിനെ ലക്ഷ്യമിട്ടുളള പാക്ക് സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്ത് സജീവമാണെന്നും അമരീന്ദര്‍ പറഞ്ഞു. രാജ്യത്തെ വഞ്ചിച്ച് കടന്നു കളഞ്ഞ വിജയ് മല്യയും നീരവ് മോദിയുമല്ല കര്‍ഷക നേതാക്കളെന്നും അവര്‍ക്കെതിരായ ലുക്കൗട്ട് നോട്ടിസ് പിന്‍വലിക്കണമെന്നും അമരീന്ദര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക നേതാക്കളെ ഉപദ്രവിക്കാന്‍ ഡല്‍ഹി പൊലീസ് റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങള്‍ മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരില്‍ ഒരു വിഭാഗം ഡല്‍ഹിയില്‍ നടത്തിയ അഴിഞ്ഞാട്ടം കര്‍ഷക സംഘടനകളെ പ്രതിരോധത്തിലാക്കിയിരുന്നു. ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും യഥാര്‍ഥ കര്‍ഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിര്‍ത്തിയിലേക്ക് തിരിച്ചുപോകാന്‍ അഭ്യര്‍ഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി അക്രമ സംഭവങ്ങള്‍ക്കു പിന്നാലെ ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നേടിയ അംഗീകാരം അക്രമങ്ങള്‍ നിരാകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കര്‍ഷകരല്ല, കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഇടനിലക്കാരാണ് സമരം നടത്തുന്നതെന്ന വാദമുയര്‍ത്തിയ ബിജെപിക്കും അക്രമസംഭവങ്ങള്‍ സമരത്തിനെതിരെ ആഞ്ഞടിക്കാന്‍ ഊര്‍ജം പകരുന്നതാണ്. ‘അന്നദാതാക്കള്‍ എന്നു പറഞ്ഞവര്‍ ഭീകരവാദികളാണെന്നു തെളിഞ്ഞുവെന്ന് ബിജെപി വക്താവ് സംബിത് പത്ര പ്രതികരിക്കുകയും ചെയ്തു.

Related Articles

Back to top button