ജെഫ് ബെസോസ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനാണ്. ആമസോണിന്റെ വളര്‍ച്ചയാണ് ബെസോസിനെ നേട്ടത്തിന്റെ നെറുകയില്‍ എത്തിച്ചത്. ആ ജെഫ് ബെസോസ്, തന്റെ ആസ്തിയുടെ ഒരു ഭാഗം വിറ്റതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. മൂന്ന് ബില്യണ്‍ ഡോളര്‍ വില വരുന്ന (ഏതാണ്ട് 22171 കോടി രൂപ) വില വരുന്ന ആമസോണിന്റെ പത്ത് ലക്ഷം ഓഹരികള്‍ വിറ്റതായാണ് വാര്‍ത്ത.
ആമസോണില്‍ ബെസോസിനുണ്ടായിരുന്ന ഓഹരിയുടെ 1.8 ശതമാനം വരുമിതെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ രണ്ടിനും മൂന്നിനുമാണ് ഈ ഇടപാട് നടന്നത്. ആരാണ് ഓഹരികള്‍ വാങ്ങിയതെന്ന കാര്യം പുറത്തുവന്നിട്ടില്ല. നികുതി കിഴിച്ചാല്‍ ഈ ഇടപാടിലൂടെ 2.3 ബില്യണ്‍ ഡോളര്‍ (16999 കോടി രൂപ) ബെസോസിന് ലഭിക്കും. എങ്കിലും ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നിലനിര്‍ത്തും. നിലവില്‍ 189.6 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബെസോസ് തന്റെ ആമസോണ്‍ ഓഹരികള്‍ വില്‍ക്കുന്നത്. 10 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് ഇങ്ങിനെ വിറ്റത്. ഇതോടെ കമ്പനിയില്‍ ബെസോസിനുണ്ടായിരുന്ന ഓഹരി 10.6 ശതമാനമായി.