CAREER

ആമസോണിന് എന്ത് മാന്ദ്യം? 33,000 പേര്‍ക്ക് ഉടന്‍ തൊഴില്‍

കൊറോണ മഹാമാരിയെ തുടര്‍ന്ന് പല വമ്പന്‍ കമ്പനികള്‍ പോലും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ആമസോണിന്റെ വളര്‍ച്ച അത്ഭുതാവഹമാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോര്‍പ്പറേറ്റ്, സാങ്കേതിക മേഖലകളില്‍ 33,000 പേരെ പുതുതായി നിയമിക്കാനാണ് കമ്പനിയുടെ ശ്രമം. തിരക്കേറിയ ഹോളിഡേ ഷോപ്പിംഗ് സീസണിന് മുന്നോടിയായാണ് പുതിയ നിയമനം നടത്തുന്നത്. ഇതിന് കമ്പനി സാധാരണയായി നടത്തുന്ന നിയമനങ്ങളുമായി ബന്ധമില്ലെന്ന് സിയാറ്റില്‍ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഭീമന്‍ ആമസോണ്‍ അറിയിച്ചു.
ആമസോണ്‍ തൊഴില്‍ ശക്തി വര്‍ധിപ്പിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് അഭിവൃദ്ധി പ്രാപിച്ച ചുരുക്കം ചില കമ്പനികളില്‍ ഒന്നാണിത്. കൊവിഡ് ഭീതിയെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ എല്ലാം തന്നെ കടയില്‍ പോയില്‍ വാങ്ങുന്നതിന് പകരം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനായി ആളുകള്‍ ആമസോണിലേയ്ക്ക് തിരിഞ്ഞു. ഇത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റെക്കോര്‍ഡ് വരുമാനവും ലാഭവും നേടാന്‍ കമ്പനിയെ സഹായിച്ചു.
ശുചീകരണം ഉറപ്പാക്കുന്നതിന് തൊഴിലാളികള്‍ക്ക് ഓവര്‍ടൈം, ബോണസ് എന്നിവ നല്‍കുന്നതിനും 4 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടി വന്നെങ്കിലും കമ്പനി മികച്ച ലാഭം നേടി. ഓണ്‍ലൈന്‍ ആവശ്യം കുത്തനെ ഉയര്‍ന്നതോടെ വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ആമസോണ്‍ പാടുപെട്ടു. കൂടാതെ അതിന്റെ വെയര്‍ഹൈസുകളില്‍ ഓര്‍ഡറുകള്‍ പായ്ക്ക് ചെയ്യാനും കയറ്റുമതി ചെയ്യാനും സഹായിക്കുന്നതിന് 175,000 പേരെ കൂടി നിയമിക്കേണ്ടതുണ്ട്.
എന്നാല്‍ മറ്റ് ചില്ലറ വ്യാപാരികള്‍ക്ക് ഇത് തിരിച്ചടിയായി. ജെ സി പെന്നി, ജെ ക്രൂ, ബ്രൂക്‌സ് ബ്രദേഴ്‌സ് തുടങ്ങിയ കമ്പനികളെല്ലാം അമേരിക്കയില്‍ പാപ്പരായി. 200 വര്‍ഷത്തിലേറെയായി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോര്‍ഡ് & ടെയ്‌ലര്‍ അടുത്തിടെ തങ്ങളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന് അറിയിച്ചു. മറ്റ് വ്യവസായങ്ങളിലുടനീളമുള്ള കമ്പനികള്‍ കൊക്കക്കോളയും അമേരിക്കന്‍ എയര്‍ലൈന്‍സും ഉള്‍പ്പെടെയുള്ളവ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഡെന്‍വര്‍, ന്യൂയോര്‍ക്ക്, ഫീനിക്‌സ്, സിയാറ്റില്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആമസോണിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജോലി. പകര്‍ച്ചവ്യാധികള്‍ക്കിടയിലും വാഷിംഗ്ടണ്‍ ഡി സിക്ക് സമീപം രണ്ടാമത്തെ ആസ്ഥാനം നിര്‍മിക്കാനുള്ള പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ആമസോണിന്റെ വര്‍ക്ക്‌ഫോഴ്‌സ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ആര്‍ഡിന്‍ വില്യംസ് പറഞ്ഞു. 33,000 തൊഴിലവസരങ്ങളില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ 16 ന് ഒരു ഓണ്‍ലൈന്‍ കരിയര്‍ മേള നടത്തുമെന്ന് കമ്പനി അറിയിച്ചു.
ആമസോണിലെ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ടെക് ജോലിയുടെ ശരാശരി ശമ്പളം 150,000 ഡോളറാണ്. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കരിയര്‍ മേളയില്‍ ഏകദേശം 17,000 പേര്‍ പങ്കെടുത്തിരുന്നു. 30,000 ജോലികള്‍ക്കായി 200,000 അപേക്ഷകള്‍ ലഭിച്ചതായി ആമസോണ്‍ പറഞ്ഞു. ജൂലൈയില്‍ കമ്പനിയുടെ തൊഴില്‍ ശക്തി ലോകമെമ്പാടും ഒരു മില്യണിലെത്തിയെന്ന് കമ്പനി അറിയിച്ചു

Related Articles

Back to top button