മുംബൈ: വ്യവസായ പ്രമുഖന് മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്.
തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തുള്ള സന്ദേശം വരുന്നത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരന് സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു’ എന്ന ഭീഷണി സന്ദേശമാണ് ഇവര്‍ പുറത്ത് വിട്ടത്.
ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ജയ്ഷ്ഉല്ഹിന്ദ് ബിറ്റ്കോയിന് വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയുക’ എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്.
‘ഇപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’, സന്ദേശത്തില്‍ പറയുന്നു, ഞങ്ങള്‍ നേരത്തെ നിങ്ങളോട് പറഞ്ഞ പണം ബിറ്റ്കോയിനായി കൈമാറണമന്നും മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ താമസസ്ഥലത്തിന് പുറത്ത് നിന്ന് കണ്ടെത്തിയ കാറില്‍ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നും കത്തില്‍ പറയുന്നു
ദക്ഷിണ മുംബൈയില്‍ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ കര്‍മൈക്കേല്‍ റോഡില്‍ വ്യാഴാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു എസ്.യു.വി. കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിസന്ദേശവുമാണ് വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ നാഗ്പുരില്‍ നിര്‍മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടരകിലോഗ്രാമാണ് അതിന്റെ ഭാരം. സ്ഫോടനത്തിന്റെ ആഘാതം 3000 ചതുരശ്ര അടി വിസ്തൃതിയില്‍ പ്രകടമാവുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ജലാറ്റിന്‍ സ്റ്റിക്കുകള്‍ പ്രധാനമായും കെട്ടിടങ്ങള്‍ പൊളിക്കാനും മറ്റുമാണ് ഉപയോഗിക്കാറ്.
സംഭവത്തിനു പിന്നില്‍ തീവ്രവാദിബന്ധം പോലീസ് തള്ളാത്ത സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ.) അന്വേഷണത്തില്‍ പങ്കാളിയായിട്ടുണ്ട്. ഭീഷണിക്കുപിന്നില്‍ തീവ്രവാദികളാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കാറുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ജെയ്ഷ് അല്‍ ഹിന്ദിന്റെ അവകാശ വാദം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഡിറ്റണേറ്ററുമായി ഘടിപ്പിച്ചിട്ടില്ലായിരുന്നു എന്നതുകൊണ്ട് സ്ഫോടനം നടത്തുകയല്ല, ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം എന്നത് വ്യക്തമാണ്.
സ്ഫോടകവസ്തുക്കള്‍ വെച്ച സ്കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. വ്യാജ രജിസ്ട്രേഷന് നമ്പറുള്ള ഇന്നോവ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.
താനെയിലെ ഒരു വ്യവസായിയുടേതാണ് സ്കോര്‍പ്പിയോ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉടമസ്ഥനെ പോലീസ് ചോദ്യംചെയ്തിരുന്നു. തന്റെ വാഹനം ഒരാഴ്ചമുമ്പ് മുളുണ്ട്ഐറോളി പാതയില്‍വെച്ച് മോഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. വാഹനത്തില്‍ കണ്ടെത്തിയ നാല് നമ്പര്‍പ്ലേറ്റുകള്‍ മുകേഷ് അംബാനിയുടെ സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടേതാണ് എന്നത് പോലീസില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
മുകേഷിന്റെ ഭാര്യ നിത അംബാനി ഉപയോഗിക്കുന്ന വാഹനത്തിന്റേതാണ് അതിലെ ഒരു നമ്പര്‍പ്ലേറ്റ്.