LATESTNATIONAL

ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസുകാരന്‍ ഓടിയത് 2 കിമീ

ഹൈദരാബാദ്: ആംബുലന്‍സിന് വഴിയൊരുക്കാന്‍ വാഹനത്തിന് മുന്നിലൂടെ രണ്ട് കിലോമീറ്ററോളം ഓടിയ പോലീസുകാരന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ഹൈദരാബാദിലെ ട്രാഫിക് കുരുക്കില്‍ നിന്ന് ആംബുലന്‍സിനെ കടത്തിവിടാനായാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ജി ബാബ്ജി ഓടിയത്.
തിങ്കളാഴ്ച തിരക്കേറിയ സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഹൈദരാബാദ് സിറ്റി പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ജിപിഒ ജംഗ്ഷനില്‍ നിന്നും കോതി എന്നു പറയുന്ന സ്ഥലത്ത് വരെയാണ് പോലീസുകാരന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ഓടിയത്.
ആംബുലന്‍സിന് ഉള്ളിലിരുന്ന ആളുകളിലൊരാളാണ് ഈ വിഡിയോ ചിത്രീകരിച്ചത്. ആംബുലന്‍സിന് വഴിയൊരുക്കുന്നതിനിടയില്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയും പോലീസുകാരന്‍ പിന്നിട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. ഹൈദരാബാദ് പോലീസ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ആബിദ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് ബാബ്ജി. ‘ആംബുലന്‍സിന് കടന്ന് പോകാനായി വഴിയൊരുക്കാനായി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രോഗി ആരായിരുന്നെന്നോ ഏത് ഹോസ്പിറ്റലിലേക്കാണോ കൊണ്ട് പോയതെന്നോ എനിക്കറിയില്ല’ ബാബ്ജി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
അഡീഷണല്‍ കമ്മീഷണര്‍ അനില്‍ കുമാറും ബാബ്ജി ആംബുലന്‍സിന് വഴിയൊരുക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker