BREAKINGKERALA
Trending

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാര്‍ഡിലുള്ള അച്ഛന്‍ കുളത്തില്‍ കുളിച്ച ശേഷമായിരുന്നു കുട്ടിയില്‍ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങള്‍:

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

Related Articles

Back to top button